രാവണന്റെ ആത്മഗതം

Poem

രാവണന്റെ ആത്മഗതം


ന്റെ പത്തു ശിരസ്സുകളോടും ഞാൻ ചോദിക്കുന്നു:
പറയൂ, നിങ്ങളിൽ ആരാണ് ഞാൻ?
ഏതാണ് എന്റെ മുഖം ,
എന്റെ ചിരി, എന്റെ കരച്ചിൽ,
മണ്ഡോദരിയെ മോഹിപ്പിച്ച മുഖം,
സീതയെ മോഹിച്ച മുഖം?

ആരാണ് ശിവനെ ഭജിക്കുന്നത്,
ആരാണ് വീണ വായിക്കുന്നത്,
ആരാണ് യുദ്ധവീരൻ,
ആരാണ് ജനനായകൻ?

പച്ച, കരി, കത്തി, ചുകപ്പുതാടി:
എനിക്കു ചേരാത്ത വേഷങ്ങളില്ല, രസങ്ങളും:
നവരസങ്ങളും
നിർവചിക്കപ്പെടാത്ത പത്താമത്തെ രസവും:
കൊല്ലപ്പെടുമ്പോൾമുഖത്തുണ്ടായിരുന്നത്,
ദുരന്തനായകർക്ക് ചേർന്നത്.

ഞാൻ ജനങ്ങളെ സ്‌നേഹിച്ചു
വിഭീഷണനുപോലും എന്നെ മനസ്സിലായില്ല,
നിൽപ്പുസദാചാരത്തെ
സ്‌നേഹത്തിനും മുകളിൽവെച്ചതു കൊണ്ട്.
ഞാൻ സ്‌നേഹിച്ചവളോ,
എന്റെ ഹൃദയം കണ്ടതുമില്ല.
രാമന്നു തോറ്റുകൊടുക്കുക
മാത്രമായിരുന്നു എന്റെ മുന്നിലെ വഴി.
ജഡമായി അതിജീവിക്കുന്നതിനേക്കാൾ
നല്ലത് ഭൂമി ഉപേക്ഷിക്കതന്നെ.


Related Articles