ചുമ്മാട് 

Poem

ചുമ്മാട് 


റങ്ങുമ്പോൾ ചുമ്മാടെൻ്റെ
തലയിലുണ്ടോ?
അതിറങ്ങി കഴുത്തുതാണ്ടി
നെഞ്ചിലിരിക്കുന്നുണ്ടോ?

ചുമ്മാടിലെന്തൊക്കെയുണ്ടെന്നാണ്!
കാന്താരി, നെല്ലിക്ക, 
കുടംപുളി, പ്രാരാബ്ധം.

ഉണങ്ങിയ വാഴയിലയിലാണാദ്യം 
കെട്ടിയത്, വട്ടത്തിൽ.
നാരും വള്ളിയും കൂട്ടിമുറുക്കി.
എത്ര കനമാണെങ്കിലും
വിറകുകെട്ടെടുത്ത് തലയിൽ വച്ചാൽ നോവില്ല.
ചുമ്മാടുണ്ടല്ലോ!

ഈറ്റ വെട്ടിയെടുത്ത് നടക്കും
റബ്ബറാണ് കൂട്ടികെട്ടാനെളുപ്പം
പറമ്പിലെ പഴുത്ത കാന്താരി
കൊതികൂട്ടി പറിക്കും
നിലത്ത് വീണ പുളിയെടുക്കും
ഒരു ജന്മത്തിൻ്റെ ദൂരം താണ്ടും.
വിറകുചുമ്മി കൂന് വരും
ചുമ്മാടിലങ്ങനെ ജീവിതം തീർക്കും.


Related Articles