ഒരു ഗർഭപാത്രം
ജീവിതത്തിലേയ്ക്ക് എന്നപോലെ നമ്മെ
മരണത്തിലേയ്ക്ക് പ്രസവിച്ചിരിക്കുന്നു.
നോക്കൂ ഉദയകിരണങ്ങൾ നമുക്കുമേൽ
ശാന്തമായി അതിന്റെ ഉടൽ പതിപ്പിക്കുന്നു.
ഉച്ചകളിൽ അത് തീവ്രമായി
വെളിച്ചത്തിന്റെ ഗാനം ആലപിക്കുന്നു
പിന്നെയും നാം
നിഴലുകൾ കൊണ്ട് ഞൊറിയിട്ട
സായന്തനങ്ങളും കടന്നുപോകുന്നു
നമ്മുടെ മുറികളിൽ
വെളിച്ചം, ഇരുട്ട്, സമ്പത്ത്
എന്നതൊന്നുമല്ല നിറഞ്ഞിരിക്കുന്നത്.
നമ്മുടെ എകാന്തതകളും
ഒഴിഞ്ഞു പോകുമ്പോഴുള്ള
ശൂന്യതകളും തന്നെയായിരിക്കണം
വിശക്കുന്ന ഒരു ജീവിയായിരുന്നു
മനുഷ്യൻ
ആഹാരത്തെയും ആശകളെയും
ആർത്തിയേയും വിശന്നു വിശന്ന്
അവനെത്തന്നെ ഭക്ഷിച്ച
ഒരു കാലത്തിൽ
ഭൂമിയിൽ ദഹിച്ചു പോകുന്ന ഒന്ന്
മുന്തിരിപ്പടർപ്പുകൾ പയർപ്പൂവുകൾ
ചോളക്കതിരുകൾ കരിമ്പിൻ തളിർപ്പുകൾ
കടന്നെത്തിയ തേനീച്ചച്ചിറകുകളിൽ
കാലം ഒരു നുള്ള്
പൂമ്പൊടിയായി പറ്റിയിരുന്നു.
ചിരിയോ ചിന്തയോ എന്ന്
നാം ഒരിക്കൽ പോലും
ഓർത്തു നോക്കാത്ത ഒരു ഭാവമായിരുന്നു
ഓരോ ചിറകുകളുടെയും ഭാഷ.
മനുഷ്യൻ അതിന്റെ മധുരത്തെ മാത്രം
പിഴിഞ്ഞും അളന്നുമെടുത്തു തൃപ്തിപ്പെട്ടു.
