ഉരുൾപൊട്ടിയിടത്ത്  ഉറങ്ങുന്നവർ

Poem

ഉരുൾപൊട്ടിയിടത്ത് ഉറങ്ങുന്നവർ


ഒട്ടും ഭാരമില്ലാതെ
കാലു വയ്ക്കുന്നുണ്ടെന്നു പോലു-
മറിയാതെ
നടക്കുക
കാറ്റത്തു പറക്കുന്ന
ഉണങ്ങിയ ഇലപോലെ
വായുവിൽ അനങ്ങാതെ
നില്ക്കുന്ന ചിറകുകൾ പോലെ
കനമില്ലാതെ ഓടിക്കയറുന്ന
ആട്ടിൻകുട്ടികളെപ്പോലെ
മണ്ണിനെ ഒട്ടും നോവിക്കാതെ

താഴെ ഉറങ്ങിക്കിടക്കുന്ന
കുട്ടികളെ
ഒച്ചവെച്ച് ഉണർത്താതെ
പതുക്കെ എടുത്ത്
തോളിലിടുമ്പോലെ
പുറത്തെടുക്കുകയിനി
ഓരോ സ്വപ്‌നത്തിലും
ഈ ഇരുമ്പു തുമ്പിക്കൈകളും
ലോഹക്കാലുകളുമൊക്കെ
അവരുടെ മുകളിൽ
കൊണ്ടുവയ്ക്കരുതെ
അവരുടെ കുഞ്ഞുവിരലുകൾ
വേദനിച്ചാലോ

മെല്ലെ മാത്രം
അടരുകളടരുകളായി
മണ്ണും ഓർമ്മകളും മാറ്റുക
ഒരു തുമ്പിയായി
ഓരോ കല്ലും
നോവിയ്ക്കാതെ പതുക്കെ-
പ്പതുക്കെ
എടുത്തു മാറ്റുക
ഓരോ സ്വപ്‌നത്തിലും

"Urulpottiyidath Urangunnavar" is a Malayalam poem written by Hrushikesan P B.


Related Articles