ഞാനന്നേ പറഞ്ഞില്ലേ?

Poem

ഞാനന്നേ പറഞ്ഞില്ലേ?


ഞാനന്നേ പറഞ്ഞില്ലേ?
എന്റെ ദുഃസ്വപ്നങ്ങൾ ഫലിക്കാറുണ്ടെന്ന്.
മാലിന്യപ്പുഴ കരകവിഞ്ഞൊഴുകുന്നതും
ടാപ്പുകൾ ചോര ചുരത്തുന്നതും
ഞാൻ സ്വപ്നത്തിൽ വ്യക്തമായി കണ്ടതാണ്.
ഈ അലങ്കാരസസ്യങ്ങളുടെ
കൈകൾ വളർന്ന് പെരുമ്പാമ്പുകളായി
നമ്മെ കെട്ടിവരിയുമെന്നും
കാറ്റിലൂടെ വിഷം
പടരുമെന്നും
ഞാൻ പറഞ്ഞത്
ഓർക്കുന്നില്ലേ?
സ്ഥിരമായി തുറന്നിടുന്ന
വാതിൽപ്പാളിക്ക് പിന്നിൽ
കാണാനാകാത്തൊരു
ഹീനസാന്നിദ്ധ്യമുണ്ടെന്നും
വീടിന്റെ മുകളിലൊരു ചാരവല
പതിഞ്ഞു കിടപ്പുണ്ടെന്നും
എനിക്കറിയാമായിരുന്നു.

നമ്മളുയർത്തിയ
സ്വാഗതകമാനങ്ങൾ
കഴുമരങ്ങളായി
വളരുമെന്നും
നമ്മുടെ രമ്യമന്ദിരങ്ങൾ
ഇടിച്ചുനിരത്തുമെന്നും
ഞാനന്ന് ഭയന്നത് സംഭവിച്ചുവല്ലോ.
നടവഴികളിൽ
തലയോട്ടികൾ നിറയുന്നതും
ചിലർ ചിരിക്കുമ്പോൾ
സാത്താൻ പിറക്കുന്നതും
സ്വപ്നത്തിൽ ഞാൻ കണ്ടതാണ്.

സ്വപ്നം കാണുന്നതും
സ്വപ്നം ഫലിക്കുന്നതും
കുറ്റമല്ലല്ലോ.
കണ്ടുപോയ പേക്കിനാവുകൾ
റദ്ദു ചെയ്യാനുമാവില്ലല്ലോ.
തിരിഞ്ഞോടാൻ ഇപ്പോഴും സമയമുണ്ട്;
സൂര്യൻ കെട്ടുപോയിട്ടില്ല.
അതുമാത്രമാണ് ആശ്വാസം.


Related Articles