(ആൻ കാഴ്സന്റെ Short Talks എന്ന കവിതാസമാഹാരത്തിലെ Short Talk On Pain എന്ന കവിതയുടെ പരിഭാഷ.
പരിഭാഷ: അനുജാ ഗണേഷ്)
പുൽത്തകിടികൾ, വയലുകൾ, കുന്നുകൾ, വിശാലമായ പഴയ വെൽവെറ്റ് കുപ്പായക്കൈകൾ, എങ്ങും പച്ചപ്പാർന്ന കാഴ്ചകൾ. അവ നീണ്ടുനിവരുന്നു, മടങ്ങുന്നു, ഉരുണ്ടുമാറുന്നു, വിടർന്നുവിരിയുന്നു, കണ്ണുകളെ ശാന്തമാക്കുന്നു. ചിത്രങ്ങളിൽ അവ സമൃദ്ധവും മനോഹരവുമായി കാണപ്പെടുന്നു. യുദ്ധങ്ങൾ നടക്കുന്നത് പച്ചപ്പുകളിലാണ്. നിങ്ങൾക്കവിടെ ഒരത്താഴവിരുന്നൊരുക്കി ഭക്ഷിക്കുകയും ചെയ്യാം. എത്ര നിഗൂഢമായി കിടക്കുന്നു, ദൂരവനങ്ങളുടെ നിലങ്ങൾ. പച്ചപ്പിനെക്കുറിച്ചുള്ള പല കവിതകളിലും അടുത്തതായി കടന്നുവരുന്നത് ശവക്കുഴിയാണ്. എന്നാൽ ഇത് ഒരു കവിതയല്ല. ഇത് തണുപ്പിച്ചു സൂക്ഷിച്ച പച്ചപ്പട്ടാണികളുടെ ഒരു പരസ്യപ്പലകയാണ്. തണുപ്പിച്ചു സൂക്ഷിച്ച പച്ചപ്പട്ടാണികൾ വേദനയ്ക്ക് നല്ലതാണ്.
Summary: Short talk on pain, poem by Anne Carson (Translation: Anuja Ganesh)
