ശലഭാനന്തരം

Poem

ശലഭാനന്തരം


ഏതോ ഒരോർമ്മ
മഴനനഞ്ഞ വെയിലുമായി
കാടിനെ പൊതിഞ്ഞു.
താഴ്വരകളിൽ
നിഴൽപടർത്തിയോരുമേഘം
ഉൾക്കാടുകളെ
ചോലവനങ്ങളാക്കി.

കാട്ടുനെല്ലികൾ വീണ്ടും പൂത്തു
തേനീച്ചകൾ തിരിച്ചുവന്നു
വന്യമൃഗങ്ങൾ ഒതുങ്ങിയുറങ്ങി.
അരുവിക്കരക്കളിൽ
കദംബങ്ങൾ
പൂത്തുമറിഞ്ഞു.
ചില്ലകളിലൂടെ തെന്നൽ താഴേക്കെറിഞ്ഞ
നോട്ടങ്ങൾ
പാറക്കൂട്ടങ്ങളിൽ നിഴൽത്തുണ്ടുകളായ്ച്ചിതറി.

കാട് തിരിഞ്ഞുകിടന്നു
രാവിൻ്റെ വെള്ളപ്പൂക്കളിൽ
കാറ്റിൽ പറന്ന ഏതോശ്വാസംവന്നു കൂടുവച്ചു.
ഉള്ളുപൊട്ടിയൊലിച്ചു വന്നതൊക്കെയും
ഘനതരമായൊരു വള്ളിപ്പടർപ്പായി.
പ്യൂപ്പതകർന്നൊരു ശലഭം
വിറപൂണ്ടു പറന്നുപറന്ന്
ഊത നിറം വറ്റിച്ചെടുത്ത അതിലെപൂക്കൾക്കിടയിൽ
മറഞ്ഞു.
പിന്നെ.....
എല്ലാം നിശ്ചലം.
മധുരം.....
കൽപ്പാന്തകാലം ....!


Related Articles