ശകുനം

Poem

ശകുനം


ഫാസിസത്തെക്കുറിച്ച്
കവിതയെഴുതുമ്പോഴാണ്
ഭാര്യ ചായയുമായി വന്നത്
അവൾ കാണാതിരിക്കാൻ അടച്ചുവെച്ചു
ചുമ്മാ ഓരോ അഭിപ്രായം പറയുമെന്നേ

സോഷ്യലിസത്തിന്റെ ചരിത്രമെഴുതുമ്പോൾ
അങ്ങേലെ പൂച്ചയതാ വാതിൽപ്പഴുതിലൂടെ
അകത്തേക്ക് കയറുന്നു
പേന താഴെവെച്ച്
ഒറ്റയേറിന് അതിനെ
കണ്ടം വഴി ഓടിച്ചു

അഭയാർത്ഥികളെക്കുറിച്ചുള്ള ലേഖനം
എഴുതിത്തുടങ്ങുമ്പോൾ
തറയിലൂടെ
ഉറുമ്പുകളുടെ ദീർഘയാത്ര
ചെരിപ്പിട്ട കാലുകൊണ്ട്
ചവുട്ടിയരച്ച് എഴുത്ത് തുടർന്നു

പുരോഗമനപക്ഷത്തിന്റെ
പ്രസക്തിയെക്കുറിച്ചുള്ള വരി
തുടങ്ങിയതേയുള്ളു
മേൽക്കൂരയിൽ നിന്നൊരു
പല്ലിചിലച്ചു.
ഇന്നിനി എഴുതിയാൽ ശരിയാവില്ല
ശകുനം നന്നല്ല...


Related Articles