സായന്തനം

Poem

സായന്തനം


ആദ്യയാമങ്ങൾ ആമയങ്ങളെയാറ്റിടുന്ന പൂഞ്ചോലയിൽ
വാദ്യമേളങ്ങൾ നിർവൃതികളായ് കാറ്റിലാടുന്നു കൂട്ടമായ്!
എങ്കിലും പ്രിയേ! ഒന്നറിഞ്ഞീലേ എന്നനുരാഗ നൊമ്പരം
പങ്കിലങ്ങളായ് എന്തിനെന്നെ ഹാ! ദൂരെ നിർത്തി നീയിത്ര നാൾ
സന്ധ്യയായ്! മധു നുകർന്നെത്തി വണ്ടുകൾ പോയി! ഉദ്യാനം മൂകമായ്
വന്ധ്യയെന്ന പോൽ എന്തിനീ നാട്യം ! എന്തിനെന്നോടു ദ്വേഷമോ !
വൈകിയെങ്കിലും ചേർന്നു നിൽക്കുക
നിർമ്മലേ! ശ്യാമ പുഷ്പമേ
പാകുകെന്നിൽ നിൻ ഉൾത്തുടിപ്പുകൾ
ഹൃദ്യരാഗമായ് ആഴ്ക നീ
മഞ്ജുളാംഗികൾ മോടി കൂട്ടുന്ന പൈക്കിടാവിൻ്റെ മേനിയിൽ
കഞ്ചുകം മാറ്റി വന്നിടുന്നിതാ തെന്നിവീഴുന്ന സന്ധ്യയും!
കാലമെത്രയോ നീണ്ടതാകിലും വശ്യമാം പൂങ്കവിളുകൾ
കല്യമെത്രയോ ശോഭനം ! താവകാംഘ്രി ചൂടുമീ രേണവും
രണ്ടതല്ല നാം വീണ്ടതാം ! വിരണ്ടാണ്ടു പോവേണ്ടതല്ലിതിൽ
കണ്ടതൊന്നുമേ വിസ്മരിച്ചഹോ !
കൊണ്ടിടേണ്ടു തൻ ജീവിതം
മന്നിലിത്രയും ഭംഗിയുള്ള നാൾ ഇന്നു തന്നെയാണോമലേ!
വന്നണഞ്ഞെന്നിൽ പ്രേമരാഗമായ് നൽപ്പരാഗങ്ങളേകണേ !
ഒന്നു മാത്രമായ് ദ്വൈതഭവങ്ങൾ സാഗരങ്ങളിൽ ഒഴുക്കിടാം
ഒന്നതല്ലയോ ഒന്നതല്ലയോ നമ്മൾ എന്നും ഒന്നല്ലയോ !


Related Articles