മഞ്ഞ് കാണാൻ
ഇറങ്ങിയതല്ല, രാവിലെ
മഞ്ഞ് കണ്ട്
വിസ്മയപ്പെട്ട്
അങ്ങനെ നിന്നു, എന്നിട്ടും.
നേർത്ത കുളിര്
മേലാകെ തൊട്ട് തലോടി
''എത്ര നാളായി കണ്ടിട്ട്''
മഞ്ഞ് ചോദിച്ചു.
ചുമലിലേക്ക് പിണച്ചുവെച്ച
കൈകൾ മാറ്റാതെ,
തലയാട്ടി പറഞ്ഞു:
''നേര്,
എന്നോട് പൊറുക്കുക.''
മഞ്ഞിൽ കുളിർന്നിരിക്കേ,
മനസ് തളിർത്ത് വിരിഞ്ഞു.
ഇലത്തലപ്പിലെ മഞ്ഞിൽ
സൂര്യൻ ചിരിച്ചു വിളിച്ചത്
ഒറ്റപുതപ്പിൽ ചേർന്നിരുന്നത്
ചൂട് പകുത്തത്
എന്നും ഇങ്ങനെയെന്നോർത്ത്
ചുമലിൽ കൈചേർത്ത്
നിഷ്‌ക്കളങ്കം നടന്നത്.
മയിൽപ്പീലികൾ പങ്ക് വെച്ചത്...
മഞ്ഞുപാടയിൽ ഓരോന്നും തെളിഞ്ഞു വന്നു.
മഞ്ഞും നോക്കി,
സ്വപ്നങ്ങളിൽ നിറഞ്ഞ്
മഞ്ഞിലങ്ങനെ നിന്നു.
മഞ്ഞ് കാണാൻ,
ഇറങ്ങിയതല്ല, രാവിലെ.
മത്സരം
''കണ്ണിൽ മായുവോളം
അവൾ നോക്കിനിന്നു''
എന്നാണ്
കവിത തുടങ്ങുന്നത്
അല്ലെങ്കിൽ തീരുന്നത്.
ഈണത്തിലായാൽ നന്ന്
വൃത്തത്തിലായാൽ പിന്നെയും നന്ന്
കണ്ണുനിറയണം
മനസ്സിലൊരുചിത്രം
തെളിഞ്ഞു വന്നു നില്ക്കണം.
നോക്ക്,
തീയാളും വാക്കുകൾ ചേർത്ത്
കവിത പൊലിപ്പിക്കേണ്ട.
കണ്ണിൽ കാണുന്നതെല്ലാം
ശരികളെന്ന് പേജുനിറക്കേണ്ട
വരിയോരോന്നിലും
നല്ല കരുതൽ വേണം
റെഡി,
എഴുതിത്തുടങ്ങാം
മുപ്പത് വരി, മുപ്പത് മിനുട്ട്.
കൂട്ട്
വഴി തെറ്റുക സ്വഭാവികം
നാട്ടുവഴികളിലാവാം
നഗരവഴികളിലാവാം
ഏതോ മറുനാട്ടിലാവാം.
ആകെ പകച്ച്,
ഭീതി നിറഞ്ഞ്
ഇനിയാരോട് കേഴും
എന്ന് നിനച്ചിരിക്കേ,
വഴി തെറ്റി,
ആകെ വിയർത്ത്
വല്ലാതെ പരിഭ്രമിച്ച്
മറ്റൊരാൾ ചാരെ.
പോകേണ്ടവഴിയൊന്ന്,
എത്തേണ്ടയിടമൊന്ന്.
ഒന്ന് ദൈവത്തെ വിളിച്ചാലോ,
വഴി തെറ്റിലും ഒരു കൂട്ട്!
This three-part poem journeys through the shifting landscapes of emotion and experience. The first part, Snow, captures the quiet solitude and stark beauty of winter—a world hushed in white, where silence speaks volumes. The second part, Competition, introduces motion and tension, and the personal cost of ambition. The final part, Companionship, melts the frost and softens the sharpness, celebrating the warmth of connection, the strength found in unity.
