ശങ്കരാടിക്കുന്ന്

Poem

ശങ്കരാടിക്കുന്ന്



പൊടുന്നനെ
അങ്ങനെ ഒരു പേര്
ഞാനോര്‍ക്കുന്നു,
ശങ്കരാടിക്കുന്ന്.

എന്‍റെ ചിന്തയിലോ,
ദൈനംദിന വര്‍ത്തമാനത്തിലോ,
കാഴ്ചയിലോ
ശങ്കരാടിയെന്ന പേരിനെ
ഓര്‍മ്മപ്പെടുത്തുന്ന
ഒന്നുമേ സംഭവിച്ചിട്ടില്ല.
ശങ്കരാടിയെന്ന നടന്‍
അഭിനയിച്ച ഒരു സിനിമയും
അടുത്ത കാലത്തൊന്നും
ഞാന്‍ കണ്ടിട്ടുമില്ല.
എന്നിട്ടും,
ഒരു ദേശത്തിന്‍റെ
പേരുപോലെ തോന്നിക്കുന്ന
ശങ്കരാടിക്കുന്ന്,
ഇന്ന് ഉറക്കമുണര്‍ന്നതുമുതല്‍
ഞാന്‍ മനസ്സുകൊണ്ട്
ഉച്ചരിക്കുന്നു.

കുളിക്കാന്‍ നേരത്ത്
ശങ്കരാടിക്കുന്നെന്നെ നനയ്ക്കുന്നു.
ബസ്സിലെ കണ്ടക്ടര്‍
സ്ഥലം ചോദിച്ചപ്പോള്‍
ശങ്കരാടിക്കുന്നെന്ന് തെറ്റിപ്പറയുന്നു.

ഒരു പാചകക്കാരനായ ഞാന്‍
ബീഫ്കറിക്കും
സാമ്പാറിനുമിടയില്‍
ശങ്കരാടിക്കുന്നിലേക്കുള്ള
വഴിയിലൂടെ നടക്കുന്നു.
തെക്കും വടക്കുമുള്ള
ഒരുപാട് ദേഹണ്ണക്കാരോടൊപ്പം
സഹായിയായിപ്പോയിട്ടുള്ള
ജമീലാത്തപോലും
അങ്ങനെയൊരു
ദേശത്തെക്കുറിച്ച് കേട്ടില്ലത്രെ.

ഗൂഗിളില്‍ വെറുതെ തിരയുന്നു
ഗൂഗിള്‍ മറ്റേതോ
വഴിയേ പോകുന്നു.
ചാറ്റ്ജിപിടി
അങ്ങനെയൊരിടമില്ലെന്ന്
കട്ടായം പറയുന്നു
മാത്രവുമല്ല,
ഒരുപക്ഷേ ഇത്
നിന്‍റെ സങ്കല്പമോ
ഏതെങ്കിലുമൊരു പ്രദേശത്തിന്‍റെ
അപരനാമമോ
ആയിരിക്കുമെന്നുകൂടി
കൂട്ടിച്ചേര്‍ക്കുന്നു.

അങ്ങനെയെങ്കില്‍,
അങ്ങനെയൊരു
ദേശമുണ്ടായിരുന്നെങ്കില്‍
എങ്ങനെയായിരിക്കുമെന്ന്
ഞാന്‍ ചാറ്റ്ജിപിടിയോട്
ചോദിക്കുന്നു:
അവന്‍ എനിക്കൊരു ചിത്രം
അയച്ചുതരുന്നു:

സന്ധ്യ,
മഴ നനഞ്ഞുനില്‍ക്കുന്ന
പുരാതനമായൊരു ഗലി,
ദൂരെ കുടചൂടിപ്പോകുന്ന
പെണ്‍കുട്ടി,
ഒരു തകര്‍ന്ന ചവിട്ടുപടിയില്‍
നിരത്തിവെച്ചിരിക്കുന്ന
ചെരുപ്പുകള്‍,
ശങ്കരാടിക്കുന്നെന്ന്
ബോര്‍ഡ് വെച്ച
കെഎസ്ആര്‍ടിസി.

രാത്രിയില്‍,
ടെക്സ്റ്റൈല്‍സിലെ
പണികഴിഞ്ഞുവരുന്ന
ഭാര്യയെക്കാത്ത്
ഞാന്‍ ബസ് സ്റ്റോപ്പിലിരിക്കുമ്പോള്‍,
ചാറ്റ്ജിപിടി കാണിച്ചുതന്ന
അതേ മഴ.
ഒരു കെഎസ്ആര്‍ടിസി ബസ്
വന്നുനില്ക്കുന്നു.
ശങ്കരാടിക്കുന്നെന്ന ബോര്‍ഡ്
മഴയത്ത് കുടചൂടിനിന്ന
അതേ പെണ്‍കുട്ടി
എന്നെ നോക്കി കൈവീശുന്നു.
ഞാന്‍ വിളിച്ചു പറഞ്ഞു:

ആളുകേറാനുണ്ടേ...

A whimsical and imaginative poem that delves into memory, curiosity, and the playful invention of a place called “Shankaradikkunnu,” existing in the space between imagination and reality, where everyday life mingles with surreal and vivid imagery.


Related Articles