ഞങ്ങളുടെ പേരെഴുതിയ ധാന്യമണികൾ ഞങ്ങൾക്കിനിയാവശ്യമില്ല

Poem

ഞങ്ങളുടെ പേരെഴുതിയ ധാന്യമണികൾ ഞങ്ങൾക്കിനിയാവശ്യമില്ല



തകർന്നുപോയ ഒരു
ധാന്യപ്പുരയിലായിരുന്നു ഞാൻ 
ചിതറിക്കിടക്കുന്ന ധാന്യമണികളിലൊന്നിൽ
എന്റെ പേര് കണ്ടു
പകുതിമാഞ്ഞ പേരുകളുമായി
അനേകം ധാന്യങ്ങൾ ചുറ്റിലും
നിലവിളിക്കുന്നു
നിർത്താതെ മുരളുന്ന ചീവീടുകളുടെ
ശബ്ദത്തിനൊടുവിൽ
ഒരു കുഞ്ഞുകരച്ചിൽ കേട്ടു 
ഒറ്റപ്പെട്ടുപോയ ധാന്യമണികളിലൊന്ന്
ഒരു കഥ പറയാൻ തുടങ്ങി. 
എവിടെ നിന്നാണെന്നറിയില്ല
ഒരു കൂട്ടം മിന്നാമിന്നികൾ പറന്നുവന്നു 
മങ്ങിയ പ്രകാശത്തിലവ കുഞ്ഞുടലുകളായി മാറി
ഹനാൻ, ജലീൽ, ആബിദ, നസീമ
അവർ നിരനിരയായി പേരു പറഞ്ഞു
ചിതറിയ ധാന്യമണികളിൽ പേര് തിരഞ്ഞു.
കഥ പറയാൻ തുടങ്ങിയ ധാന്യമണി അറിയിച്ചു:
നിങ്ങളുടെ പേരെഴുതിയ
ധാന്യങ്ങൾ ഇവിടെയുണ്ടാവില്ല
അവ സ്വർഗ്ഗത്തിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടാവും
സ്വർഗ്ഗമോ? അതെവിടെയാണ്?
കുഞ്ഞുടലുകൾ അദ്‌ഭുതപ്പെട്ടു  
ധാന്യമണി മുകളിലേക്ക് വിരൽ ചൂണ്ടി
ഇവിടെയില്ലാത്ത സ്വർഗ്ഗമോ?
കുഞ്ഞുടലുകൾ കുറച്ചുകൂടി അദ്‌ഭുതപ്പെട്ടു
ഞങ്ങളുടെ കളിസ്ഥങ്ങൾ അവിടെയുണ്ടാവുമോ?
അറിയില്ല, ധാന്യമണി പറഞ്ഞു
അച്ഛൻ, അമ്മ?
അറിയില്ല  
ഞങ്ങളുടെ ഗ്രാമം?
അറിയില്ല
ഞങ്ങളുടെ കൂട്ടുകാർ, അയൽവാസികൾ?
അറിയില്ല
ഇവരൊന്നുമില്ലാത്ത എന്ത് സ്വർഗ്ഗമാണവിടെ?
പേര് മാഞ്ഞുതുടങ്ങിയ ധാന്യമണികൾ
തിരഞ്ഞെടുത്തവർ പറഞ്ഞു:
ഈ ധാന്യങ്ങൾ ഞങ്ങളുടേതാണ്
ഇവയിൽ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ മണമുണ്ട്
ഒന്നുമില്ലാത്ത ലോകത്തിന്റെ ഉടമകളാണ് ഞങ്ങൾ
മേൽക്കൂരകളില്ലാത്ത വീടുകൾ
ഉറ്റവരില്ലാത്ത കുഞ്ഞുങ്ങൾ
മരുഭൂമിയാക്കപ്പെട്ട കൃഷിയിടങ്ങൾ
ഒച്ചയില്ലാത്ത പാഠശാലകൾ
ഗന്ധകം മണക്കുന്ന രാപ്പകലുകൾ
ഞങ്ങളുടെ പേരെഴുതിയ ധാന്യമണികൾ
ഞങ്ങൾക്കിനിയാവശ്യമില്ല.
ഒരു പ്രതലത്തിലും പേര് രേഖപ്പെടുത്താൻ
കഴിയാത്ത വിധം ഞങ്ങൾ സ്വതന്ത്രരായിരിക്കുന്നു.
പേര് മാഞ്ഞുതുടങ്ങിയ ഈ ധാന്യമണികൾ
വാരിവിതറുക
അവ പേരില്ലാത്ത കുട്ടികളായി
കിളിർത്തു വന്നേക്കാം.


Related Articles