-ഉൽവനദിക്കു നാലു
കരകളുണ്ട്
നടുക്കുള്ള പച്ചത്തുരുത്തിൽ
വന്നിരുന്നു വെള്ളക്കൊക്ക്,
സൂര്യൻ അതിന്റെ
രണ്ടു കണ്ണിലും.
പനവേൽ അഴിമുഖത്ത്
അത്
കഥയെഴുതാൻ തുടങ്ങി, വെള്ളത്തിൽ.
ഗാഡിപ്പുഴയെ വഴിതിരിച്ചു വിട്ടപ്പോൾ
കണ്ടൽക്കാടുകൾ
ഏതു വഴിക്കു പോയിട്ടുണ്ടാവും?
ഈയിടെ, ബാക്കിനില്ക്കുന്ന
കുന്നുകളോട്
ആരും മിണ്ടാറില്ല.
നികത്തിയെടുക്കാൻ
ഇനി മണിക്കൂറുകൾ മാത്രം.
എത്ര ലോറി മണ്ണുണ്ടാവും?
പടുകൂറ്റൻ പക്ഷികൾ,
ഇവിടെ വരിവരിയായി
പറക്കാൻ നില്ക്കും
രാത്രിയിലും സൂര്യനുണ്ടാവും
അടുത്ത ഡിസംബറിൽ
ഇവിടെ വന്നിറങ്ങാൻ
സൈബീരിയൻ പക്ഷിക്ക്
അനുമതിയില്ല.
ഉൽവ നദിയുടെ തുരുത്തിൽ
ഒരേ മരത്തിൽ
വന്നിരുന്നവർ.
ഇറങ്ങാൻ ഒരു റൺവെയും വേണ്ടാത്തവർ
നിന്നിടത്തുനിന്നും
ഒരു നിമിഷംകൊണ്ട്
ആകാശത്തേക്ക് പറക്കുമ്പോൾ
എന്താവും പക്ഷികൾ
വിചാരിക്കുന്നുണ്ടാവുക.
This is a poem written by Hrishikeshan P.B. talks about the beauty of the river and how it has been polluted and how it effects on the birds.
