എല്ലാ ശിഷ്യരെക്കാളും
യേശു അവളെ സ്‌നേഹിച്ചു
അധരങ്ങളിൽ ചുംബിച്ചു.
ശിഷ്യർ അവനോടു കയർത്തു
ഗുരോ! ഞങ്ങളെക്കാളധികം
നീ അവളെ സ്‌നേഹിക്കുന്നതെന്ത്?
അവൻ അവരോട്
ഇപ്രകാരംപറഞ്ഞു
'അവളെ പോലെ ഞാൻ
നിങ്ങളെ
സ്‌നേഹിക്കാത്തതെന്ത്?'
മറിയം മഗ്ദലേന
സ്ത്രീകളിൽ തെറ്റിദ്ധരിക്കപ്പെട്ടവൾ
നന്മ നിറഞ്ഞ പാപിനി
ദൈവപുത്രനെ പ്രണയിച്ചവൾ
അവനോടൊപ്പം നടന്നവൾ.
പലസ്തീനായിലെ മലഞ്ചെരുവുകളിലും
ജോർദ്ദാൻ നദിക്കരയിലും
ഗലീലീ തടാകത്തിലും
അവന്റെ വാക്കുകൾക്ക് കാതോർത്തവൾ.
ഗദ്‌സെമനിലെ അന്ത്യരാത്രിയിൽ
അവനോടൊപ്പം ഉണർന്നിരുന്ന്
രക്തം വിയർത്തവൾ.
കാൽവരിയിലേക്കുള്ള
വഴിയിലും
കുരിശിൻ ചുവട്ടിലും നിന്ന്
അവന്റെ അപമാനവും
വേദനയും നെഞ്ചേറ്റിയവൾ.
ചാട്ടവാറും നിന്ദനവും
ആണിപ്പഴുതുകളും
ഉടലിൽ പതിപ്പിച്ചവൾ.
അവന്റെ ശിഷ്യരോടെല്ലാം
വരൂ നമുക്കവനോടൊപ്പം
മരിക്കാമെന്നു നിലവിളിച്ചവൾ.
മറിയം മഗ്ദലേന
പ്രണയകലഹങ്ങളിലും
സ്വർഗ്ഗരാജ്യ തർക്കങ്ങളിലും
പെണ്ണായ് വിടർന്നവൾ
സ്വർഗ്ഗരാജ്യ തർക്കങ്ങളിൽ
അവൾക്കു വെളിപ്പെട്ട
ജ്ഞാനത്തിൽ
മൗനികളും
അല്പവിശ്വാസികളുമായ
ശിഷ്യരോടവൻ കല്പിച്ചു,
നിങ്ങൾ
ഇവളെ പോലെയാകുക.
മറിയം മഗ്ദലേന അവനു
പ്രിയപ്പെട്ടവളാകയാൽ
അവൾ തെരഞ്ഞെടുക്കപ്പെട്ടു
തെരഞ്ഞെടുക്കപ്പെട്ടവ-
ളാകയാൽ
അവൾ പ്രിയപ്പെട്ടവളായി.
പെണ്ണുടലിൽ ജീവന്റെ കവിത
പൂക്കുന്ന ഉന്മാദ നേരങ്ങളിൽ
അവൻ അവൾക്ക്
സ്വാന്തനമായി.
'നീ ആകുലപ്പെടുന്നതെന്തിന്?
നീ പൂർണതയാണ്
നിന്നിൽ പിടയ്ക്കുന്ന
പ്രാണന്റെ
സൗന്ദര്യമാണ് സത്യം.
ആയതിനാൽ നീ
ഹൃദയം കൊണ്ടു മിണ്ടുന്നവൾ
എന്നറിയപ്പെടും'
അവൻ അവളെ ഉണർത്തി.
മറിയം മഗ്ദലേന
അവൾക്കറിയാമായിരുന്നു
അവനവിടെയില്ലെന്ന്
എന്നിട്ടുംപുലരും മുമ്പേ കല്ലറയിലേക്കു
പാഞ്ഞു പോയവൾ
ഗുഹാമുഖത്തെ
ഉരുണ്ടു നീങ്ങിയ
തൊപ്പിക്കല്ലിനിടയിലൂടെ
കല്ലറയിൽ കയറി
അഴിഞ്ഞു വീണ ശവക്കച്ചയിൽ
മുഖമമർത്തി കരഞ്ഞവൾ
കല്ലറ കാവൽക്കാരേ!
എവിടെ എന്റെ പ്രിയൻ?
എവിടെ എന്റെ പ്രാണനാഥൻ?
എന്റെ ആത്മനാഥൻ
എന്റെതു മാത്രമാണ്
ഞാൻ അവന്റെതും
നിങ്ങൾ അവനെ
എന്തു ചെയ്തു?
എന്നോട് പറയുക
എന്റെ ജീവൻ അവന്റെ പക്കലാണ്
കാവൽക്കാരേ,
കല്ലറ കാവൽക്കാരേ
ചോദിക്കുന്നതെന്തും തരാം
നിങ്ങളവനെ എനിക്കു തരിക.
നീ ഞങ്ങളെ കുറ്റപ്പെടുത്തുന്നതെന്ത്?
അവനിവിടെയില്ലെന്ന്
നിനക്കറിഞ്ഞുകൂടേ!
കാവൽക്കാർ പരിഹസിച്ചു.
അവളുടെ ഭയചകിതമായ
കാതുകളിൽ
അവന്റെ പ്രാണൻ മുഴങ്ങി
'മറിയം.'
അതാ എന്റെ പ്രാണപ്രിയൻ
ഞാൻ അവനെ പിടിക്കട്ടെ
ഗുഹയിൽ നിന്നും
തള്ളാടിനെ കണ്ടു തുള്ളിച്ചാടുന്ന
പെണ്ണാട്ടിൻകുട്ടി പോലെ
അവൾ പുറത്തേക്കോടി.
നാഥ നീ എവിടെയായിരുന്നു?
എന്നെ തനിച്ചാക്കിയതെന്ത്?
അവളുടെ കൈകൾ
അവനു നേരെ നീണ്ടു.
മറിയം നീ എന്നെ
തടഞ്ഞു നിർത്താതിരിക്കുക
അവൻ നിസ്സഹായനായി.
അവന്റെ പ്രകാശവേഗങ്ങളെ
അവൾ മിന്നൽ പോലെ
പിൻതുടർന്നു
മറിയം മഗ്ദലേന
കാറ്റു പിടിച്ച തീ പോലെ
അവൾ
ഒളിയിടത്തിലേക്ക് പാഞ്ഞു
'നീ എവിടെ പോയിരുന്നു?'
പത്രോസ് കുപിതനായി
കർത്താവ് ഉയിർത്തെന്നോ?
ഞങ്ങൾക്കു മുമ്പേ
നീ അവനെ കണ്ടെന്നോ?
ഇല്ല. ഇല്ല. ഇല്ല.
അവളുടെ കൂട്ടുകാരിയും
അവന്റെ സഹോദരി മറിയവും
അതു സാക്ഷ്യപ്പെടുത്തി.
'ഞങ്ങൾ കണ്ടതാണ്
വെൺമേഘം പോലെ
തിളങ്ങുന്ന അവനെ
ഞങ്ങൾ കേട്ടതാണ്'
പത്രോസ്,
നീ കരുതുന്നത്
ഞാൻ ഹൃദയം കൊണ്ട്
ഊഹിച്ചതാണെന്നോ?
മനസ്സുകൊണ്ട് കെട്ടിയുണ്ടാക്കിയതെന്നോ?
മഗ്ദലേന കോപിച്ചു.
വസ്ത്രം വലിച്ചു കീറി
പത്രോസ് വീണ്ടും പറഞ്ഞു
ഇല്ല. ഇല്ല. ഇല്ല.
മറിയം മഗ്ദലേന
അവൾക്ക് ഉന്മാദമെന്ന്
മറ്റു ശിഷ്യരും സമ്മതിച്ചു.
മഗ്ദലേന അവൾ അതെല്ലാം
ഹൃദയത്തിൽ സംഗ്രഹിച്ചു.
നമ്മുടെ കർത്താവിനെ
വഴിതെറ്റിക്കാൻ നടന്ന ഇവളെ വിശ്വസിക്കുന്നതെങ്ങിനെ?
പിടിച്ചു പുറത്താക്കുക.
പത്രോസ് ശക്തനായി
രക്ഷകനില്ലാത്തിടത്തു നിന്ന്
അമ്മമറിയത്തോടൊപ്പം
പെണ്ണുങ്ങൾ ഇറങ്ങിപ്പോയി.
വെറോനിക്ക അവന്റെ
ചിത്രം വരച്ചു
സലോമി അവനെക്കുറിച്ചു
പാടി
മഗ്ദലേന അവന്റെ കഥകൾ
പറഞ്ഞു.
ഗലീലിയിൽ നിന്നും
അവനോടൊപ്പം
ഇറങ്ങിപ്പോന്ന പെൺകൂട്ടം
ദേശം മുഴുവൻ അവന്റെ
ചിത്രം വരച്ചും പാട്ടു പാടിയും
കഥകൾ പറഞ്ഞും അലഞ്ഞു
മഗ്ദലേനയിൽ നിന്ന്
യേശുവിനെ കേട്ടവരെല്ലാം
ഇവൾ ആരെന്ന് അത്ഭുതപ്പെട്ടു.
സ്വർഗ്ഗരാജ്യത്തിന്റെ
താക്കോൽ കയ്യേറ്റവർ
ഇതുകണ്ട് ഭയന്ന്
അവളെ പലതായ് പകുത്തു
നിഴൽ ഉടച്ചു കളഞ്ഞു.
പട്ടണഗോപുരത്തിന്റെ
പുരപ്പുറത്തേറി
താക്കോൽ ഉയർത്തി
അവർ വിളിച്ചു പറഞ്ഞു.
ചെവിയുള്ളവർ കേൾക്കുവിൻ
ഇവൾ മറിയം മഗ്ദലേന
ഞങ്ങളുടെ ഗുരുവും
കർത്താവുമായവൻ
മരിച്ചവരിൽ നിന്നുയർപ്പിച്ച
ലാസറിന്റെ സഹോദരി.
അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നിട്ടും ആറാമനോടൊപ്പം
പൊറുത്തിരുന്നവളും
നട്ടുച്ചക്ക്
യാക്കോബിന്റെ കിണറ്റിൻകരയിൽ കണ്ടവളുമായ ശമരിയാക്കാരി.
ആൾക്കൂട്ടത്തിൽ വെച്ച്
അവന്റെ കുപ്പായത്തിൽ
തൊട്ട് സുഖം പ്രാപിച്ച
രക്തസ്രാവക്കാരി.
വ്യഭിചാരത്തിൽ പിടിക്കപ്പെട്ട്
കല്ലെറിഞ്ഞു കൊല്ലാൻ
കൊണ്ടുവന്നപ്പോൾ
പാപം ചെയ്യാത്തവർ ആദ്യം
കല്ലെറിയട്ടെ എന്നു പറഞ്ഞ്
അവൻ രക്ഷിച്ച വ്യഭിചാരിണി.
ഇവളുടെ ശരീരത്തിൽ
നിന്നാണ്
അവൻ ഏഴു പിശാചുക്കളെ
പുറത്താക്കിയത്.
ധനവാനായ ലാസറിന്റെ
തീൻമേശക്കരികിൽ
കണ്ണുനീർ കൊണ്ടവന്റെ
പാദങ്ങൾ കഴുകി
തലമുടികൊണ്ട് തുടച്ച്
നാദിർ തൈലം പുരട്ടി ചുബിച്ച പട്ടണത്തിലെ
പ്രശസ്ത ഗണിക.
മറിയം മഗ്ദലേന
ഒഴിച്ചു കളയാൻ കഴിയാത്തവിധം
പ്രണയ ബാധയേറ്റവൾ.
അവരെ കേട്ടവർ കേട്ടവർ
പിന്നീടത് ഏറ്റു വിളിച്ചു.
സ്വർഗ്ഗരാജ്യം അവരുടെ സ്വന്തമായി.
ചിലർ അവളെ പരിഹസിച്ചു
ചിലർ പേടിച്ചു
ചിലർ ആട്ടിയകറ്റി
ജീവന്റെ താളിൽ നിന്നും
അവളുടെ പേർ മായ്ക്കപ്പെട്ടു.
എന്നിട്ടും പലസ്തീനായുടെ
മണ്ണടരുകളിൽ
ഇലകിളിർക്കുന്നേരമുയരുന്ന
വിത്തിന്റെ
പാതിരാനിലവിളികളിൽ,
നനവാർന്ന മൺതരികൾ
അനാഥമാക്കപ്പെട്ട
മഗ്ദലേനയുടെ
പ്രണയകഥപാടി
മരണത്തിലേക്ക്
മിഴി തുറക്കുന്ന
വിത്തുകളെ ഉറക്കാറുണ്ട്.
കിളിർത്തു വന്ന ഇലകളിൽ
വിത്തുകൾ സ്വന്തംജീവനാൽ
ഇപ്രകാരം എഴുതപ്പെട്ടു.
അവനോടൊപ്പം എപ്പോഴും
രണ്ടു പേരെ കണ്ടിരുന്നു
അവന്റെ അമ്മ മറിയം
അവന്റെ കൂട്ടുകാരി
മറിയംമഗ്ദലേന.
ഗോലാൻകുന്നുകളിലെ
ഒലിവുമരങ്ങളിൽ
കൂടുകൂട്ടിയ
തെക്കൻ കാറ്റും
വടക്കൻ കാറ്റും
ആ വഴി പോകുന്ന
കാമുകിമാരോടെല്ലാം
ഈ രഹസ്യം
പറഞ്ഞുകൊണ്ടിരുന്നു.
ദൈവത്താൽ
പ്രണയിക്കപ്പെട്ടതുകൊണ്ടു- മാത്രം
അധികാരത്താൽ
പകുക്കപ്പെടുകയും
കാമത്താൽ
പൂരിപ്പിക്കപ്പെടുകയും അജ്ഞതയാൽ
വെറുക്കപ്പെടുകയും
അവിശ്വസ്തതയാൽ
അപഹസിക്കപ്പെടുകയും
അസൂയയാൽ
ഒഴിവാക്കപ്പെടുകയും
ചെയ്തവൾ.
തോറ്റു പോകാത്തവൾ
പ്രണയത്താൽ ഉയിർത്തവൾ
മറിയം മഗ്ദലേന
-അത് നീ തന്നെ.
.................................................:........
മറിയം മഗ്ദലേന. ഏറെ സംവത്സരങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട സ്ത്രീജന്മം . കസ്സാൻദ് സാക്കീസിന്റെ യേശുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയിലൂടെയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ വീണ്ടും ഇവൾ വിവാദമായത്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ കത്തോലിക്കസഭ മഗ്ദലേന മറിയത്തിന്റെ സുവിശേഷം പ്രസിദ്ധീകരിച്ചു. 2017 ജൂൺ 6 ന് പോപ്പ് ഫ്രാൻസിസ് മറിയം മഗ്ദലേനയെ 'അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോലയായി' പ്രഖ്യാപിച്ചു. ജൂലൈ 22-നാണ് സഭയിൽ മഗ്ദലേന മറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്. ഫ്രാൻസിലെ വെസ്ലെയിൽ ഉള്ള മഗ്ദലേന മറിയത്തിന്റെ ബസ്ലിക്കയിൽ പോയതിന്റെ അനുഭവവും വെനീസിലെ ചിത്രകാരനായിരുന്ന തീസ്യന്റെ (Titian, 14881576) 'എന്നെ തടഞ്ഞു നിർത്താതിരിക്കുക' (1514) എന്ന ചിത്രവും രഹസ്യ സുവിശേഷങ്ങളുമാണ് ഈ കവിതയ്ക്ക് പ്രചോദനം.
