സാമ്പാർക്കല്ല്‌

Poem

സാമ്പാർക്കല്ല്‌


ഫ്രീസറിൽ വെച്ച സാമ്പാർ
രണ്ടു ദിവസം കഴിഞ്ഞ് തുറന്നപ്പോൾ
സാമ്പാർക്കല്ലായി.

പുറത്തേക്ക് വരാൻ അത് മടിച്ചു
ഒരു മരുഭൂമി പുറത്തിരുന്ന്
അതിനു നേരെ കുരച്ചു ചാടുന്നു
ഫ്രീസറിലെ അരണ്ട മഞ്ഞവെളിച്ചത്തിലും
കണ്ണുകൾ തുറന്നുപിടിച്ച്
അത് തലയുയർത്തി നിന്നു.

ഉള്ളു കുഴിഞ്ഞ മൂത്ത വെണ്ടക്കഷ്ണം
പുപ്പുലു പിടിച്ച അറകളുള്ള
പുരാതനമായ കലുങ്കു പോലെ
ക്രിസ്തുവർഷം 2022 ലെ ഒരു തിങ്കളാഴ്ചയെ
നോക്കി നോക്കി അത്ഭുതപ്പെട്ടു
തക്കാളി ഭൂമിയിലേക്ക് പൊട്ടിവീണ
ചുവന്ന ചന്ദ്രക്കല പോലെ,
യുദ്ധത്തിൽ പൊട്ടിത്തെറിച്ച
ഇറച്ചിക്കഷ്ണം പോലെ,
ഒരു കല്ലായി മാറിയതിനാൽ
ഇനി കരയേണ്ടതില്ലല്ലോ എന്നോർത്തു
പെറുക്കിക്കൊണ്ടുപോകാൻ
ഒരു കുട്ടി വരുന്നതും കാത്തിരുന്നു
അളിഞ്ഞു ചീഞ്ഞ ശവം പോലെ
മണിയനീച്ചകൾക്കു മുട്ടയിടാനുള്ള
കസേരയുമായ് തലതാഴ്ത്തിയിരുന്നു വഴുതിനിങ്ങ
വിശന്നുമരിച്ചവരുടെ ഓർമ്മയുള്ള ഉരുളക്കിഴങ്ങ്
വേഗത്തിൽ ഒരിക്കൽക്കൂടി പൊടിച്ചു തുടങ്ങിയാലോ
എന്ന ചിന്ത വന്നെങ്കിലും
തണുപ്പുകാരണം
മുന്നിൽ കിടന്ന ഒരു കറിവേപ്പിലയെ
പുതച്ചു കിടന്നു
തിളച്ചുകൊണ്ടിരിക്കുമ്പോൾ
പാട്ടുപാടുകയായിരുന്ന
വലിയുള്ളിയുടെ അല്ലികൾ
സംഗീതത്തിന്റെ ചിഹ്നങ്ങൾ കണക്കെ
കല്ലിനുള്ളിലെ ആകാശത്തിൽ ചിതറി


Related Articles