രാത്രിയാകാശം
കറിച്ചട്ടിയിലെ കൂന്തൾ
എട്ടുദിക്കിലേക്കു വിടർത്തിയിട്ടിരിക്കും
നീളൻ സ്പർശിനികളിൽ
പറ്റി നിൽക്കുന്നു വജ്രനക്ഷത്രങ്ങൾ.
കരിനീലമഷിഞരമ്പ് പൊട്ടിയൊലിക്കുന്നു.
അഴുകിയ അമാവാസി
താരയെ വിഴുങ്ങുന്നു.
കടൽ കടക്കുന്നൊരുവൾ
കണ്ണുപ്പു പരലുകളാൽ
കുറുകിയ പെരുംകടൽ.
പിടയ്ക്കും നെഞ്ചിൽ നിന്നും
തുടിയെടുത്തവൾ കൊട്ടുന്നു.
ഒഴിഞ്ഞ നെഞ്ചിൻകൂട്ടിൽ
കുഴഞ്ഞുറങ്ങുന്നൊരു കിളി
കടുംകൊട്ടിൻ മിന്നലൊളിവീശി
കടൽ കത്തി
കരിഞ്ചായൽത്തിരകളിൽ
കതിരിട്ടു പുലർ സൂര്യൻ
അവൾ മുടി കുടഞ്ഞിട്ടു
പകൽമുട്ട നെഞ്ചിൽ വീണു
കിളി അതിൽ പൊരുന്നേക്കും
വിരിഞ്ഞേക്കും പുലർക്കാലം.
