പുതിയ കാമുകനുണ്ടാവുമ്പോൾ

Poem

പുതിയ കാമുകനുണ്ടാവുമ്പോൾ


അവനെയും കൊണ്ട് ബിയർ പാർലറുകളിൽ
കുത്തിയിരിക്കലാണ് ഇപ്പോഴത്തെ രസം.
ബിയറിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല,
പുതിയ പുതിയ കാമുകൻമാർ!
അത് മാത്രമാണ് രസം.

അവസാനത്തേത് ചെമ്പൻ മുടിയുള്ള ഒരുത്തൻ,
സുന്ദരൻ,
പൂച്ചക്കണ്ണൻ..,
രണ്ടാമത്തെ കൂടിക്കാഴ്ചയിൽ
ഞാനവന്റെ കാല്പാദങ്ങൾ ശരിക്കും കണ്ടു.
കറുത്ത നഖങ്ങൾ..
പലതരം ചൊറിപ്പാടുകൾ..
ചെരുപ്പ് കടിച്ചുണ്ടായ വടുക്കൾ..
അതോടെ എന്റെ പ്രേമം അവസാനിച്ചു.
ഇനി നീ ആരെയും പ്രേമിക്കേണ്ടതില്ലെന്ന്
എനിക്ക് പറയേണ്ടി വന്നു.
എനിക്ക് ഭ്രാന്താണെന്ന് അവന്റെ
ആണൊച്ചയിൽ അവനും കാറിക്കൊണ്ടിരുന്നു.
പതിനഞ്ച് ജോടിക്കണ്ണുകൾ എന്റെ നേരെ നീണ്ടു.
എന്റെ കൈവെള്ളയിൽ ചില്ലു കൊണ്ടൊരു പോറലും
അവന്റെ വയറിൽ അഞ്ചാറു തുന്നലുകളുമുണ്ടായി.

ചോരപ്പൂക്കളുള്ള ബാന്റേജ്,
ഉഷ്ണം വേവുന്ന ആശുപത്രിമുറി,
ഡെറ്റോളിൽ മുങ്ങിയ കാറ്റ്..
ഞങ്ങളുടെ പ്രേമം അവസാനിക്കേണ്ടതായിരുന്നു.
പക്ഷെ, മുറിവ് പൊറുക്കുന്നതിന്റെ കൂടെ
ഞങ്ങളങ്ങോട്ടുമിങ്ങോട്ടും പൊറുത്തു.


Related Articles