ഓരോ ദിനവും
പുതിയതൊന്നുമില്ലാതെ തുടങ്ങുന്നു, തുടരുന്നു.
രാവിലെ
ദിനചര്യകൾക്കു ശേഷം
ബസ് യാത്ര.
മുപ്പത് കിലോമീറ്റർ
തിക്കിത്തിരക്കി
വാ തോരാത്തവർക്കിടയിൽ
സ്കൂളോർമയിൽ കുരുങ്ങി
നൊസ്റ്റാൾജിക് നിൽപ്പ്.
ഒരു മണിക്കൂർ യാത്രക്കൊടുവിൽ
നഗര മദ്ധ്യത്തിലെ
തണുത്ത പുസ്തകക്കാട്,
പലനിറങ്ങൾ, പല മുഖചിത്രങ്ങൾ
അക്ഷരച്ചില്ലകൾ തൊട്ടൊതുക്കി
വിചാരിപ്പുകാരനായി
ഞാൻ ഉത്തരവാദിത്വമേൽക്കും.
പുതുപുസ്തകം പൂത്തതിന്റെ
മണം പിടിച്ച്
വായനാവില്ലുകുലച്ച്
ചിലർ ശ്രദ്ധയോടെ
കാടുകേറി വരും.
വ്യത്യസ്ത ജീവിതങ്ങളെ,
അനുഭവങ്ങളെ,
ചിന്തകളെ,
എഴുത്തുകാരനെ
വേട്ടയാടിപ്പിടിച്ചതിന്റെ ഉന്മാദത്താൽ
അവർ കാടിറങ്ങിപ്പോവും.
