പുരാവൃത്തം

Poem

പുരാവൃത്തം


1.

അതെ,
ആ പഴയ കഥ തന്നെ
ഒരു കെട്ടുബീഡിക്കോ,
ഒരു പൊതി ഉണക്കമീനോ വേണ്ടി
പത്ത് പറ നിലമോ
പാറപ്പുറമോ വിറ്റുതുലച്ച പൂർവികരുടെ വീരകഥ!
വെറ്റിലക്കറ പിടിച്ച പല്ലു കാട്ടി,
ചുവപ്പു കലർന്ന കഫം നീട്ടി തുപ്പി,
കിതപ്പടക്കാൻ പാടുപെട്ട് ദീർഘമായ നെടുവീർപ്പോടെ
അവർ പറഞ്ഞു കൊണ്ടേയിരിക്കും...

2.

പുരവാസലിനും,
കെട്ടുകല്യാണങ്ങൾക്കും മാത്രമല്ല
ചാക്കാലയ്ക്കും, പതിനാറടിയന്തിരങ്ങൾക്കു പോലും
പര്യമ്പ്രങ്ങൾ തോറും
കഥ പറച്ചിലുകാർ ഇടം കണ്ടെത്തി.
അവർ വേദി വിടുമ്പോൾ
ഞങ്ങൾ ചെറുപ്പക്കാർ അടക്കം പറയും;
"എന്നാപ്പിന്നെ നീട്ടിപ്പിടിച്ചൊരു വലിവെച്ച് കൊട് "
എന്നിട്ട് കുലുങ്ങി ചിരിക്കും.


Related Articles