പൊതു ആപേക്ഷികതാ സിദ്ധാന്തം
ഉൾക്കാടതിരിലെ മരച്ചുവട്ടിലുച്ചയ്ക്ക്
വെളിച്ചം വെളിച്ചം
നിന്നെ തൊടുന്നു:
വടക്കു ചായുന്ന വലിയ ചില്ലച്ചോട്ടിൽ
ജ്വലിച്ചു നിൽക്കുന്നു
ഒറ്റ നക്ഷത്രം
നിന്നെ എടുത്തെറിയുന്നു
ലച്ചുവന്നൊരു
ഗുരുത്വാകർഷണത്തിര:
ഏതു സ്ഥലകാലച്ചുഴിയിൽ
ഏതു ഗോളത്തിൻ വക്രപാതയിൽ
ഏതിരുൾക്കയത്തിൽ
നീ തിരഞ്ഞലയുന്നു
ഒളിദേഹം?
അറിയുന്നില്ല നീ
ആളും നോട്ടം
പണ്ടേ മരിച്ച നക്ഷത്രത്തിൻ വെട്ടമെന്ന്,
അറിയുന്നില്ല
ആകർഷണത്തിര
അതിൻ പിടഞ്ഞൊടുങ്ങലെന്ന്
