പ്രിയപ്പെട്ട നന്ദിതക്ക്

Poem

പ്രിയപ്പെട്ട നന്ദിതക്ക്


ഇന്നലെ ബുക്ക്‌ ഷെൽഫിൽ തിരയുമ്പോളാണ് ഞാനറിയുന്നത്
എന്റെ പ്രിയപ്പെട്ട പുസ്തകം കാണ്മാനില്ല...
''നന്ദിതയുടെ കവിതകൾ''
പ്രിയപ്പെട്ടവളെ...
അതെവിടെയോ മറഞ്ഞു പോയിരിക്കുന്നു.
നിന്റെ വാക്കുകളോടാണ് ഞാൻ കലഹിച്ചിരുന്നത്..
നിന്റെ വാക്കുകളുടെ ആഴങ്ങളിലാണ് ഞാൻ മുങ്ങിയിരുന്നത്.
നിന്റെ തൂലിക തുമ്പിലെ തീയായിരുന്നെന്നെ ഉരുക്കിയത്..
എന്റെ രാവുകളും പകലുകളും നിന്റെ വാക്കിലായിരുന്നു നിറഞ്ഞത്..
അവ നക്ഷത്രങ്ങളായി വിരിയുന്ന ആകാശങ്ങളിലായിരുന്നു
എന്റെ സ്വപ്‌നങ്ങൾ പൂത്തത്.
എന്നിട്ടും... എന്നിട്ടും....നീയിതെവിടെക്കാണിറങ്ങി നടന്നത്..
നിന്നെ തിരക്കിയിറങ്ങിയ വഴികളിലൊക്കെ അരളികൾ പൂത്തിരുന്നു.
നരച്ച കണ്ണുകളുള്ള ആ പെൺകുട്ടിയുടെ
കണ്ണുകളിൽ വിരിഞ്ഞ അതെ അരളിപ്പൂക്കൾ..
പക്ഷെ.. അവയൊക്കെയും ആരോ
വിരിയുംമുൻപേ അറുത്ത് കളഞ്ഞിരിക്കുന്നു.
ആരെക്കെയോ അതിൽ ചവിട്ടി കടന്നുപോയിരുന്നു..
മഴപെയ്തു തോരാത്ത മണ്ണിലവ ചിതറി കിടക്കുന്നു...
അവയ്ക്കിടയിൽ നനഞ്ഞ മണ്ണിൽ നിന്റെ കാൽപ്പാടുകൾ..
എങ്ങോട്ടാണ് നീ ഇറങ്ങി നടന്നത് എന്നിൽ നിന്നും...
കാലടികൾ വഴിയാക്കി ഞാൻ ഇറങ്ങുകയാണ്.. നിന്റെ വഴിയേ...
അറുത്തെടുക്കാത്ത അരളിപ്പൂക്കൾ

വഴിയിലെവിടെയെങ്കിലും വിരിഞ്ഞു നിൽപ്പുണ്ടാവും ..
വാടാതെ നിന്റെ കണ്ണിൽ പൂത്തിരുന്ന പോലെ...
എന്റെ ഇനിയുള്ള യാത്ര നിന്നെ തിരഞ്ഞാണ്... നിന്നിലേക്ക് മാത്രമാണ്....
എന്നിൽ നിന്ന് നീ ഇറങ്ങി നടന്നാലും,
നിന്നെ മറക്കുകയെന്നാൽ, എനിക്കുമത് മൃതിയാണ്.
പ്രിയപ്പെട്ട നന്ദിത...
ഇനി വൈകാതെ നിന്നിലേക്കെത്തും ഞാൻ ....
ഞാനെന്നാൽ നീ മാത്രമാണ്.... നീ മാത്രം...


Related Articles