പ്രണയകാന്തം

Poem

പ്രണയകാന്തം


കനവിൻ്റെ കടവത്ത്
പവിഴമഞ്ചാടികൾ
കൊഴിയുന്ന കടലിൻ്റെ
സന്ധ്യയായി
നിറമറ്റ പകലിൻ്റെ-
നിടിലത്തിലൊരു മഞ്ഞു-
തരിയിട്ട് രാവും നിശ്ശബ്ദമായി

ശിശിരമേഘത്തിൻ്റെ
തിരുജടയിൽ നക്ഷത്ര-
ശരറാന്തലാരോ തെളിച്ച് നിൽക്കേ,
സ്മൃതിയിൽ നിന്നാകണം
പ്രണയകാലത്തിൻ്റെ-
ചെറിമരങ്ങൾ പൂവ്
വിരിയിച്ചത്..

പഴയ ബാല്യത്തിൻ്റെ-
ചങ്ങാടമൊന്നിലായ്
ജലതരംഗം കേട്ട്-
ശ്രുതിയിടാനായ്,
മഴ വന്നു, പിന്നെയോ-
പ്രളയമായ് പാടേണ്ട
പ്രണയഗാനത്തിൻ്റെ-
വരികൾ തെറ്റി

നിലവിട്ട കയമതിൽ-
മുങ്ങിയും പൊങ്ങിയും
പുതിയ തീരങ്ങളിൽ
ചെന്ന് നിൽക്കേ
ഇടിമിന്നലടരുകൾകൾ
മേഘവിസ്ഫോടനം
മലകളുടെ ഹൃദയം
പിളർന്ന നോവ്..


Related Articles