നിങ്ങളുടെ ആർട്ഗാലറിയിൽ
എന്നെയൊന്ന് പ്രദർശിപ്പിക്കാമോ,
ഞാൻ ശിവകൃഷ്ണൻമാഷോട്
ചോദിച്ചു:
ഓരോ അവയവങ്ങളായി?
ഒരു കാൻവാസിൽ
കണ്ണ്.
അതിനടിയിലെഴുതണം
ദൂരവിപിനങ്ങളിലേക്കുള്ള
കവാടം.
മറ്റൊന്നിൽ
ചുണ്ടുകൾ.
എഴുതണം:
സമാനമായതിനെത്തേടും
ചിറകുകൾ.
ഇനിയൊന്നിൽ
കാതുകൾ.
പ്രണയിനികൾക്ക് മൂർച്ഛയിൽ
കടിച്ചെറിഞ്ഞ്
ശമിക്കാവുന്ന തീർച്ചകൾ.
