പൊടിഞ്ഞടർന്നു മാറുന്ന
കുമ്മായച്ചുമരിൽ നിന്ന്
നമ്മുടെ പേരുകൾ
അടർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു.
വിട്ടുപോകാൻ മടിച്ച
ചില അക്ഷരച്ചീളുകൾ
ചിതറി കിടക്കുന്നുണ്ടവിടെയിവിടെ!
പേരുകളെ ബന്ധിച്ചുകൊണ്ട്
അന്നു നീ വരച്ചിട്ട
അമ്പു തറച്ച ഹൃദയചിഹ്നവും
മാഞ്ഞുപോയി
ഇനിയും ശേഷിക്കുന്നില്ല
നമ്മൾ പരസ്പരം
ഉന്മാദയുമ്മകളൂട്ടിയ
പൂമരക്കാടുകൾ
നിൻറെ പുഞ്ചിരിക്കൊഞ്ചൽ
പോലൊഴുകിയ പുഴയും!
അന്തിമാനം ചാന്തുചിതറിച്ച
മണൽ വിരിപ്പിൽ
നിൻറെ കവിതകൾ തിരയടിക്കുന്നില്ല,
ഒന്നായി നമ്മളെ ചേർത്തുവച്ച
കാറ്റിന്റെ കനിവുമിന്നില്ല...
പോകാം നമുക്കിതു നരകം
ജാതി പേക്കോലമാടും ശ്മശാനം
