ഉറക്കത്തിനു മുറക്കത്തിനുമിടയിൽ

Poem

ഉറക്കത്തിനു മുറക്കത്തിനുമിടയിൽ



പൊട്ടിത്തെറിച്ച് കീഴ്‌മേൽ മറിഞ്ഞാലും
ഭൂമി അസ്തഹ്ഫിറുള്ളാഹ് ചൊല്ലും,
മക്കളുടെ ഉറക്കത്തെക്കുറിച്ച് അയൽപക്കത്തെ ഉമ്മ.
പലരേയും ഊഞ്ഞാലാടിയുറക്കുന്നത്
താനാണെന്ന് ബിസ്മി മെഡിക്കൽ ഷാപ്പുടമ.
പിറന്നതുമുതലലറിക്കീറും രാത്രിപട്ടാപ്പകലാക്കും
കടിഞ്ഞൂൽക്കനിയുടെ കവിളിൽ തലോടി
ഉറക്കഗുളികയെന്നൊന്നില്ലെങ്കിൽ ജീവിതം
തുലഞ്ഞേനെയെന്ന് അരുമയോടവന്റച്ഛൻ.
കിടന്നാലുടൻ മയ്യത്തുപോലുറങ്ങും കെട്ടിയോൻ
അരികെ, കണ്ണടച്ചാലും തിളച്ചുമറിയും മോഹം.
കത്തിയുയരും പരീക്ഷച്ചൂടിൽ, മകൾക്ക്
രാവും പകലുമുറക്കമില്ലെന്ന് ആത്മസുഹൃത്ത്.
കള്ളക്കർക്കിടകം ഒടുങ്ങിത്തീരും വരെ
ഉറക്കമിനിയില്ലെന്ന് സ്ഥലത്തെ പ്രധാന കള്ളൻ.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണുംവരെ
എനിക്കൊട്ടുമുറക്കമില്ലെന്ന് ലോക്കൽ ലീഡർ.
ആയ കാലത്ത് ആവോളം രമിച്ചും രസിച്ചും കഴിഞ്ഞ
കാരണവർക്കുമുറക്കം കമ്മി, പ്രശ്‌നം വറ്റാത്ത കാമം.
പെങ്ങളുടെ രണ്ടാം കെട്ടുകാരൻ കുളുതാറിന്
കുടിച്ചുകൂത്താടാതെ കൂർക്കം വലിച്ചുറങ്ങാനാവില്ല,
ഉറക്കമറ്റ് പെങ്ങളും രണ്ട് പെൺമക്കളും.
നിത്യസുഷുപ്തി തേടി തോറ്റുപോയ യുവതി
കൗൺസലിങ് റൂമിലഭയം തേടുന്നു,
മുന്നിൽ ചത്തുമലച്ച സ്ലീപ്പിങ് പിൽസ് ശേഖരം.
എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും, ഉറപ്പ്
ഉറക്കഗുളികയെ വിശ്വസിക്കാമെന്ന് കമോണ്ടർ.
എതിർത്തവർക്കെതിരെ തുളച്ചുവരും വെടിയുണ്ട
താനുറങ്ങുകയാണോയെന്ന് നടപ്പുകാലം.
ഉറക്കം നടിച്ച് കിടക്കാത്തവർ വന്നെത്തും
ഉച്ചത്തിലുണർത്തും, പകരം ചോദിക്കാതില്ലുറക്കം

ഉറക്കം ഇടവേളയിലെ മരണം, പരിശുദ്ധവചനം
ഉറക്കത്തിനുമുറക്കത്തിനുമിടയിൽ ഹ്രസ്വജീവിതം.


Related Articles