എന്റെ ഒരു കവിളത്ത് അടിച്ചാൽ
ഏതവന്റെയും രണ്ട് കവിളും
അടിച്ചുപൊളിക്കുമെന്നു മാത്രമല്ല
വേണ്ടിവന്നാൽ അവനെ കൊന്നു
കൊലവിളിക്കുകയും ചെയ്യും.
എന്നിരുന്നാലും
ഞാൻ ഗാന്ധിയനാണ്
ചതിയൻ ചന്തുവിന്റെ
|ഭാഷയിൽ പറഞ്ഞാൽ
ഗാന്ധിക്കു പിറക്കാതെ പോയ
ഉണ്ണിയുടെ ഉണ്ണിയുടെ ഉണ്ണിയുടെ
ഉണ്ണിയാണ് ഞാൻ|
രജിലേഷ് ഗാന്ധി എന്ന് സ്‌കൂൾ രജിസ്റ്ററിൽ
ചേർക്കാനിരുന്നതാണ്
രാഷ്ട്രപിതാവിനെ കളിയാക്കിയെന്നും പറഞ്ഞ്
പിന്നെയും ഒരു വർഷം കഴിഞ്ഞേ
എനിക്ക് ചേരാൻ കഴിഞ്ഞുള്ളൂ
അതും എന്റെ മുഴുവൻ പേരും
എഴുതില്ലെന്ന കരാറിൽ.
1934 ജനുവരി 13
അമ്മുമ്മയുടെ അമ്മ;
അമ്മുമ്മുമ്മ എന്നു വിളിക്കാം
ആളു പോവുന്നത് കണ്ട്
പോയതാണ് വടകരക്ക്.
നോക്കുമ്പോൾ ഒരു
മൊട്ടത്തലയൻ നിന്ന് സംസാരിക്കുന്നു
കുറച്ചു കഴിഞ്ഞ് അയാൾ
വർത്താനം നിർത്തി
അമ്മുമ്മുമ്മ കുറച്ചുകൂടി
അയാളുടെ അരികിലേക്ക് നിന്നു
അയാൾ എന്തോ
ആവശ്യപ്പെടുകയാണെന്ന് മനസ്സിലായി
തുറന്ന കൈയുമായി അയാൾ നിന്നു
ഓരോരുത്തരായ് പണവും
പണ്ടവും അയാൾക്ക് നൽകുന്നു
അമ്മുമ്മുമ്മ രാത്രി കിടക്കാനായി
കൈയിൽ കരുതിയ പായ
വേദിയിൽ കയറി അയാളുടെ
കയ്യിൽ വെച്ചുകൊടുത്തു
അയാളുടെ സഞ്ചിയിൽക്കിടന്ന പണ്ടങ്ങൾ
അമ്മുമ്മുമ്മയെ കളിയാക്കി.
അപ്പോഴാണ് അത് സംഭവിച്ചത്
അത്രനേരമായി ആ മൊട്ടത്തലയെ
കടിക്കുകയായിരുന്ന ഒരു കൊതുക് പറന്നു വരുന്നു.
കൂടുതലൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല
അമ്മുമ്മുമ്മ പെട്ടെന്ന്‌വന്ന ദേശാഭിമാനത്താൽ,
കാവിത്തും ചേനയും ചേമ്പും തിന്ന്
തുടുത്ത ചുണ്ടിലേക്ക്
ആ കൊതുകിനെ ഇരുത്തി.
കൊതുകിനു സമാധാനമായി
സുന്ദരിയായ ഒരു യുവതിയുടെ രക്തം കേറ്റി.
ഉണങ്ങി വരണ്ട രക്തം കുറച്ച് അമ്മുമ്മുമ്മയുടെ ചുണ്ടിൽ ബാക്കിയാക്കി
നോക്കിയേ അങ്ങനെ അമ്മുമ്മുമ്മ ഗാന്ധിയനായി.
ഗാന്ധിയുടെ രക്തം അമ്മുമ്മുമ്മയിൽനിന്ന് അമ്മുമ്മയിലേക്ക്
അമ്മുമ്മയിൽനിന്ന് അമ്മയിലേക്ക്
അമ്മയിൽനിന്ന് സവിനയം ഞാനും സ്വീകരിച്ചു.
ഞാൻ ലോകത്തോടും എന്റെ രാജ്യത്തോടും
സഹകരിച്ചുകൊണ്ട് നിസ്സഹകരിക്കുന്നു
ഉപ്പിനു പകരം പൂഴി ഊറ്റി
വീടുപണിക്ക് മറിച്ചുകൊടുത്ത് നിയമം ലംഘിക്കുന്നു
ക്വിറ്റ് ഇന്ത്യയെന്ന് പറഞ്ഞ് ഗൾഫിൽ പോകുന്നു
എനിക്ക് മരണാനന്തരം ബഹുമതിയോ തൊപ്പിയോ തുന്നേണ്ടതില്ല ദയവുചെയ്ത് എന്റെ
ജാതിപ്പേരു പറയാൻ എന്നെ അനുവദിക്കണം.
A powerful poetic reflection by Vimeesh Maniyoor exposing the deep-rooted injustices of casteism in society.
