കുളിമുറിയിലെ കണ്ണാടി

Poem

കുളിമുറിയിലെ കണ്ണാടി


എന്നാലും
വലിയ ആൾക്കൂട്ടത്തിലും
വല്ലാതെ ബോറടിക്കും
ചിലപ്പോൾ പേടി തോന്നും
സദ്യ കഴിഞ്ഞെത്തിയാലും
ചിലപ്പോൾ വിശപ്പാറില്ല
കഞ്ഞികുടിക്കാൻ തോന്നും
പൂരച്ചമയങ്ങളിലലിഞ്ഞ്
ആഘോഷങ്ങളിൽ നിറഞ്ഞ്
തുമ്പയ്ക്ക് മുന്നിൽ വിസ്മയിക്കും
ഒന്നിച്ചു യാത്ര ചെയ്‌തെത്തിയാലും
ചിലത് പറയാൻ വിട്ടുപോകും
ഇനി നാളെ എന്ന് സമയക്കുറവ് പറയും.


കുളിമുറിയിലെ കണ്ണാടി
കുളിമുറിയോളം
സ്വതന്ത്ര്യനാവുന്ന മറ്റൊരിടമില്ല
ആകെ അയഞ്ഞ്
പച്ച മനുഷ്യനായി നനഞ്ഞ്
മണക്കും സോപ്പിൽ നിറഞ്ഞുപതഞ്ഞ്
അഴുക്കെല്ലാം തുവർത്തി കുടഞ്ഞ്...
എന്നിട്ട്
തന്നെതന്നെ അറിയാൻ
ചുവരിലെ കണ്ണാടിയിലൊരു
സൂക്ഷിച്ചു നോട്ടമുണ്ട്.
അതിപ്പോഴും
കാണുംപടി മാത്രം കാണുന്നു
ചിരിക്കുമ്പോൾ ചിരിക്കുന്നു
കരയുമ്പോൾ കൂടെ കരയുന്നു
പാവം,
ഉള്ളറിയാൻ
അതിപ്പോഴും പഠിച്ചിട്ടില്ല.

These two poems by Shankaran Korom explore the delicate tension between inner experience and outward reality, capturing fleeting emotions, vulnerabilities, and the quiet struggles of self-understanding.


Related Articles