അഭ്യാസചികിത്സ
ഒരു കാല്‍ മടക്കി വെയ്ക്കുക
മറ്റേ കാല്‍ മെല്ലെ ഉയര്‍ത്തുക
ഉയര്‍ത്തുന്നതിന്നനുസരിച്ച്
സൂര്യന്‍ ഉദിച്ചു പൊങ്ങുന്നത് കാണാം.
പതുക്കെ മലര്‍ന്നു കിടക്കുക
രണ്ടു കയ്യും ഒന്നിച്ച് ഉയര്‍ത്തുക
ശ്വാസം ഉള്ളിലേക്ക് എടുക്കുക
അപ്പോള്‍ രാത്രി മെല്ലെ പടരുന്നത് കാണാം.
വലത്തുകാലിനു സമാന്തരമായി
ഇടത്തുകാല്‍ വെച്ച്
വശം ചെരിഞ്ഞു കിടക്കുക
ഭൂമിയുടെ മറുപുറം കാണാം.
ഇനി ശിരസ്സുയര്‍ത്തി
കമിഴ്ന്നു കിടക്കുക
മഹാബലി മറഞ്ഞു പോയ
അധോലോകം കാണാം.
പിന്നെ കാല്‍മുട്ടുകള്‍ രണ്ടും മടക്കി
നടുവ് ഉയര്‍ത്തിക്കിടക്കുക
ചക്രവാളത്തില്‍ പുതിയ ഒരു
ഗ്രഹം ഉയരുന്നതു കാണാം
പിന്നെ ഒന്നും കാണാതാവുന്നതുവരെ
കണ്ണടച്ച് ഒരു പുതിയ ലോകംസങ്കല്‍പ്പിക്കുക.
വാര്‍ദ്ധക്യം
എന്‍റെ ശിരസ്സ് വെളുത്തിരിക്കുന്നത്
നിങ്ങള്‍ കരുതുംപോലെ കറുപ്പിനോടുള്ള വെറുപ്പു കൊണ്ടല്ല
ഒരു വെളുത്ത മേഘം എന്‍റെ മനസ്സ്
ആകാശമാണെന്നു കരുതി വന്നിറങ്ങിയതിനാലാണ്
എന്‍റെ കൈ വിറച്ചു കൊണ്ടിരിക്കുന്നത്
നിങ്ങള്‍ കരുതുംപോലെ മഴയുടെ തണുപ്പു കൊണ്ടല്ല,
കാലം ജീവിതത്തിന്‍റെ എഴുതി നിറഞ്ഞ താളുകള്‍
വേഗം മറിക്കുന്നതു കൊണ്ടാണ്
എന്‍റെ ശബ്ദം പതറുന്നത്
നിങ്ങള്‍ കരുതുംപോലെ ദുഃഖം കൊണ്ടല്ല
വിശ്വാസങ്ങള്‍ സംശയങ്ങളായി
തൊണ്ടയില്‍ കുരുങ്ങുന്നതു കൊണ്ടാണ്.
എന്‍റെ ചുമല്‍ മരവിച്ചു പോയത്
നിങ്ങള്‍ കരുതുംപോലെവലിയ വാക്കുകള്‍ പൊക്കിയതു കൊണ്ടല്ല
പാറ്റയെ കൊല്ലാനോ മാവു വെട്ടാനോ
കൈ ഉയര്‍ത്താന്‍ ശ്രമിക്കാത്തതുകൊണ്ടാണ്.
എന്‍റെ കാല്‍ തണുത്തിരിക്കുന്നത്
നിങ്ങള്‍ കരുതുംപോലെപല ഭൂഖണ്ഡങ്ങളില്‍ നടന്നതു കൊണ്ടല്ല
എന്‍റെയുള്ളിലെ മണ്ണില്‍നിന്ന്ഒരു ഹിമാലയം വളരുന്നതു കൊണ്ടാണ്.
മരുന്നുകള്‍
ജീവിതം ഒരു രോഗമോ മരുന്നോ എന്ന് ഇപ്പോഴും എനിക്ക് തീര്‍ച്ച പോരാ;
രോഗം ആണെങ്കില്‍ അതിന്
എന്തു മരുന്നു വേണമെന്നും
മരുന്ന് ആണെങ്കില്‍ രോഗത്തിന്
എന്തു പേരിടും എന്നും.
ആ ചുവന്ന ഗുളിക അസമത്വം മാറ്റും
എന്നതിന് യാതൊരു തെളിവും ഇല്ല
ആ കാവിഗുളിക ദേശസ്നേഹം
വര്‍ദ്ധിപ്പിക്കും എന്നതിനും.
രാവിലെ കഴിക്കുന്ന നീലഗുളിക
വാക്കിനു കടല്‍പോലെ ആഴം കൂട്ടുമോ,
ഉച്ചയ്ക്കു കഴിക്കുന്ന വെള്ളഗുളിക
സൂര്യനായി മാറി വെയില്‍ കൊണ്ടുവരുമോ
വൈകീട്ട് കഴിക്കുന്ന കറുത്ത ഗുളിക
ചൂടുകാലത്ത് മഴ പെയ്യിക്കുമോ
രാത്രി കഴിക്കുന്ന പച്ചഗുളിക
കാടും പുഴയും സംരക്ഷിക്കാന്‍ നന്നോ,
ഇരുമ്പുഗുളിക കഴിച്ചാല്‍ ധര്‍മ്മപുത്രര്‍ കണ്ട
നരകം കാണാന്‍ കഴിയുമോ,
ഒരു സ്വര്‍ണ്ണഗുളിക കഴിച്ച്
യേശു പോയ സ്വര്‍ഗ്ഗത്തിലേയ്ക്ക്
ഉയരാന്‍ കഴിയുമോ....
അറിയില്ലെന്നു പറയാനേ അറിയൂ.
ഗുളികയാക്കിത്തന്നാല്‍ എന്തും
പഠിക്കാം എന്ന് ശിഷ്യര്‍:
ചരിത്രം മുതല്‍ തത്ത്വചിന്ത വരെ.
ഹാ, എല്ലാവര്‍ക്കും ഏ പ്ലസ് കിട്ടുന്ന
ആ നല്ല കാലം വരേണമേ!
