ഈ കവിതയുടെ കുടുംബകഥ കേട്ടാൽ നിങ്ങൾ
കരഞ്ഞുപോകും. ഒരുപാട് ദാരിദ്ര്യംപിടിച്ച ഈ
കവിതയുടെ അച്ഛൻകവിത പാവംപിടിച്ച ഒരു
ഐ.എ.എസുകാരനായിരുന്നു. മുഴുവനായും
ശീതീകരിച്ച ഒരു മുറിയിൽ നിശ്ശബ്ദനായി തണുത്ത്
വിറച്ചാണ് അദ്ദേഹം പണിയെടുത്തുകൊണ്ടിരുന്നത്.
രാവിലെ എഴുന്നേറ്റ് ചായകുടിച്ച് ഓഫീസിലേക്ക്
പുറപ്പെട്ടാൽ പിന്നെ ഒരു വെള്ളം കിട്ടണമെങ്കിൽ
ആയിരക്കണക്കിന് സെക്കന്റുകൾ
കഴിയണമായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞാൽ, ഒരു
വറ്റുപോലും അധികം കഴിക്കാനാവാത്ത
അവസ്ഥയിലുള്ള അദ്ദേഹത്തിന്റെ നിലവിളി
സഹപ്രവർത്തകരുടെ കുടലലിയിച്ചിരുന്നു.
അലിഞ്ഞ കുടലുമായ് തന്നോടൊപ്പം ജീവിക്കേണ്ടി
വന്ന മനുഷ്യരുടെ മുഖത്ത് നോക്കാനാവാതെ
സർക്കാർ വക കാറിൽ ഇരുന്ന് തലകുനിച്ച്
പോകേണ്ടി വന്ന ഈ കവിയുടെ
അച്ഛൻകവിതയുടെ അനുഭവം ഒരാൾക്കും
പറഞ്ഞാൽ മനസ്സിലാവില്ല.
