കൊളം

കണ്ടക്കോരൻ

മുക്കാലിയിൽനിന്ന്
ഊവേണി അഴിച്ചെടുത്ത്
ചുമലിൽവച്ച്
കണ്ടം കടന്ന്
ഒറ്റ പോക്കാ, കണ്ടക്കോരൻ!

കൊളവാഴക്കൂട്ടത്ത്ന്ന്
ആരൊക്കയോ
എക്കിട്ട് എക്കിട്ട് കരഞ്ഞു.
ഒരു കയ്ച്ചല്
വായുവിലേക്ക് നീന്തി
എത്തിനോക്കി
സങ്കടത്തോടെ മടങ്ങി.
ചോരക്കുഞ്ഞുങ്ങളോട്
ഒന്നും പറയാനാകാതെ
പതുക്കെ ചിറകനക്കി.
കൊളം മൂട്ന്നേ....
കൊളം മൂട്ന്നേ
കണ്ടക്കോരൻ്റെ കലമ്പല്
ആരും കേട്ടില്ല.
കണ്ടത്തിൻ്റെ ഇട്ടയ്ക്കിരുന്ന്
അയാൾ നിലാവിനോട്
സങ്കടം പറയും.
നത്തുമാത്രമല്ല,
ഒറക്കൊയ്ഞ്ഞ്
ചെമ്പോത്തും കേട്ടിരിക്കും
കീരാങ്കുടുക്കകൾ അപ്പോൾ
ഒച്ചയെ ശ്വാസംമുട്ടിക്കും.

കൊളംകര


Related Articles