മതം തീണ്ടിയ മനുഷ്യർ

Poem

മതം തീണ്ടിയ മനുഷ്യർ


ഉടലുകണ്ടു ഉള്ളു കാണാതെ
ഉടയോന്റെ പറുദീസയിൽ
അഭയമിരക്കുന്ന വിഡ്ഢികൾ
വിഷമിറങ്ങിയ നാവിനാൽ
വികലമായി വിധിയെഴുതുന്നു

വിത്തിനുള്ളിൽ മറയാതെ
പുറം ചട്ടകളൂരിമാറ്റിയാൽ
അകമൊരു ഇടമാകുമ്പോൾ
അപരരിൽ പുഞ്ചിരിയേകി
സ്വയമൊരു മരമായിമാറണം

പിറന്നു വീണതും നട്ടുവെച്ചതും
മണ്ണിലെന്നും ഒന്നായിരിക്കുവാൻ
ഇരുമരമായ് നാം വളരുമ്പോഴും
വേരുകൾ കോർത്തുവെച്ചു
ഇലപച്ചയിലൊരു കാടുതേടണം

മതം വിശ്വാസങ്ങൾക്കപ്പുറം
ഉള്ളിലൊരു ആശ്വാസമാകണം
മതം തിന്നുന്ന മനുഷ്യരല്ല
കണ്ണീരുകണ്ട കണ്ണുകളാണ്
കാലത്തെ കാതലാക്കുന്നത്


Related Articles