പകലാഴി കടന്ന്

Poem

പകലാഴി കടന്ന്



ഏത് ശൂന്യതയ്‌ക്കൊടുവിലും
കാണാം,
മലമുകളിൽ ധ്യാനിച്ചിരിക്കുന്ന
ഒറ്റസഞ്ചാരിയുടെ
നിസംഗ മനസ്.
ക്ഷതം പിടിച്ച്, വടുക്കൾ വീണ
ഒരാൽമരം മാത്രം ബാക്കിയുണ്ടണ്ട്.

കൊടിയടയാളങ്ങൾ പാറിച്ച
ഒരു കാലത്തിന്റെ
തിരുശേഷിപ്പുകൾ
പിന്നിലേക്കെറിഞ്ഞ്,
സരയൂ കടന്ന് നടന്നടുത്ത
ചിത്രകൂട പർവ്വങ്ങൾ.
അവിടെ,
ശതകോടി ഏകാന്തമന്ത്രം
ജപിച്ചുതീർത്ത
യൗവ്വന മുക്തികൾ.
എന്നിട്ടും,
കാലം തീയിട്ട് ചുട്ടെരിച്ച
മാന വിശുദ്ധികൾ..
ഭസ്മീകരിച്ച മനസ്ഥൈര്യങ്ങൾ.

അറിഞ്ഞഅറിവുകളൊക്കെയും
അറിയാത്തജീവിതത്തിലേക്കുള്ള
കിഴക്കാംതൂക്ക് പാലങ്ങൾമാത്രം.
ചുടുകാട്ടിലേക്ക് വഴിചൂണ്ടണ്ടിയ
ഒറ്റപ്പാതകൾ മാത്രം.
അന്ന്,
മനശ്ശാന്തിയുടെ പാഠശാലയിലേക്ക്
അഭയംതേടിയ നാമമില്ലാകാലങ്ങൾ.
ഭസ്മസഞ്ചിയിൽ സൂക്ഷിച്ച
രണ്ടണ്ടു ചെരാതുകൾ മാത്രം നോക്കി
അടുപ്പൂതിയ ഭിക്ഷാകാലങ്ങൾ.
ഒരു വേദപുസ്തകത്തിലും
കണ്ടണ്ടില്ല, ഭിക്ഷാംദേഹി മന്ത്രങ്ങൾ,
ജീവിതസമസ്യപൂരണ പാഠങ്ങൾ
വിട്ടൊഴിഞ്ഞുപോകാനാവാത്ത
ചരടുകൾകൊണ്ടണ്ട് കെട്ടിത്തീർത്ത
ഒരായുസ്സിൻ പുസ്തകം ജീവിതം..

സമദൂര ജീവിത ഭിത്തിയിൽ
വിള്ളലാഴ്ത്തിയ
ഭൂഗർഭനാശിനികൾ പലതരം.
റിക്ടർസ്‌കെയിലിലൊന്നിലും
അളക്കാനാവാത്ത
ഭൂകമ്പനാശ വസൂരികൾ.

എങ്കിലുമെവിടെയോ,
വെട്ടത്തുരുത്തുകൾ നാട്ടിയ
അമ്മവേരുകൾ..
മെഴുകുതിരിത്തുമ്പിൽ
കോർത്തിണക്കി തന്ന
നന്മജപങ്ങൾ...
ഉരുകിയൊലിച്ചു തീരുംവരെ,
കെടാതെ പകർന്ന
പ്രകാശസഞ്ചാരങ്ങൾ.

പച്ചകരിഞ്ഞുതുടങ്ങിയ
മലമുകളിലെത്തിനിൽക്കുന്നു,
ഇപ്പോൾ, പകൽതീർന്ന ജീവിതം.
കടലുപ്പുകൾ കുന്ന് തീർത്ത ജീവിതം...

ഒരാലിൻ കൂട്ടശ്വാസം
തണുപ്പ് നീട്ടുന്നു.
അപ്പോൾ കാണാം,
കിളിർത്തുവരുന്ന
അമ്മവേരിൻ നനുത്ത കരങ്ങൾ.

In this poem, K.V. Sumithra reflects on solitude, decay, and spiritual endurance, portraying life as a fragile yet luminous journey where the fading self continually seeks peace and renewal through the enduring roots of maternal compassion.


Related Articles