വായന

Poem

വായന


ഒട്ടു ചായും വെയിൽ
ശവമഞ്ചക്കച്ചകൾക്കുമേൽ വീണു കിടന്നു.
മിണ്ടുവാൻ മടിക്കുന്നുണ്ടു, കാറ്റിൻ
കലപിലച്ചുണ്ടു മൊഴിമറന്നെന്നോ?

നമ്മളെത്തി തെരുവിൻ വരണ്ടതൊണ്ട കാറും
പറച്ചിലിലൂടെ

നിൻ്റെ കണ്ണിലുടഞ്ഞ പക്ഷിക്കൂടാർത്തലച്ചു
പിടഞ്ഞു വീഴുമ്പോൾ,
നമ്മൾ കോർത്ത
വിരൽത്തുമ്പിലാകെ
ചോര പൊട്ടിപ്പൊടിഞ്ഞു നിൽക്കുമ്പോൾ,
വേദി, നേർത്ത ചരമാവരണം ചാർത്തി മിണ്ടാ
തനങ്ങാതെ നിന്നു.
മഞ്ഞ വെള്ള നിറങ്ങൾ പിണച്ച്
മച്ചകം കെട്ടി താരാട്ടു തൊട്ടിൽ.
ഒക്കത്തോമൽ കിടാങ്ങളെ
ച്ചേർത്ത് പ്ലാവിലത്തലയാട്ടി നിൽപ്പായി.
സങ്കടം വീർത്തു പൊട്ടിയൊലിച്ച്
കടുനിറക്കൂട്ടിൽ
ചാലിച്ചു ചേർത്ത്
വെള്ളയിൽ കറുപ്പോടുന്നു
ബ്രഷിൻ നേർത്ത ചുണ്ടുകൾക്കെന്തൊരു
മൗനം.
കൂടി നിന്നു കുറച്ചു പേർ കാലിൽ പൊട്ടും
വേരോട്ടമുള്ള മരങ്ങൾ.
ശാഖപൊട്ടി വിരിഞ്ഞു കുടഞ്ഞ്
ദീർഘമാം തണൽ നീട്ടി നിൽക്കുന്നോർ.
നമ്മളാ മഴപ്പെയ്ത്തിൽ കുതിർന്ന്
രണ്ടിണത്തുള്ളികളായ് നിറഞ്ഞു.
ഇന്നു വായന*, ശോണാക്ഷരങ്ങൾ
തുള്ളിയാർക്കുന്ന
വെള്ളക്കടലാസ്,
വച്ചു നീട്ടുന്നൊരാൾ
മടിയോടെ
വാങ്ങുവാനരുതാതെയായ് നമ്മൾ.
തൂങ്ങി നിൽക്കും പകലിൻ ചിറകൊടിച്ചാഞ്ഞു
തുള്ളിയന്തിപ്പുറപ്പാട്.
നിൻ്റെ കയ്യിലിരുന്നു വിറച്ചു
പൂവുപോൽ നേർത്ത സൗമ്യാക്ഷരങ്ങൾ
ഞാൻ മുഹമ്മദ് എനിക്കു പേർ ഫാത്തി,
ആയിഷ, സുഹൈൽ ,ഞാനാ ഖദീജ.
ഓമനത്താർ മുഖം മറച്ചീറൻ കാറ്റിലാടി
യുലഞ്ഞു പൂത്തട്ടം.
ഉറ്റുനോക്കുന്നിമ
യനങ്ങാതെ
നീർപ്പോളപൊട്ടും
കരിമഷിക്കണ്ണ്.
മാർവിരിഞ്ഞു മേൽച്ചുണ്ടിനു മേലെ
നീല രോമം പൊടിച്ച കൗമാരം
ആശകൾ ചത്ത കൂടാരമുറ്റത്തൊരു
വെടിക്കോപ്പിലറ്റു പോകുമ്പോൾ,
ഇമ തുറന്ന ഞാവൽപ്പഴ
ക്കണ്ണിൽ
കാത്തു വച്ചു നോക്കിൻ്റെ കൂരമ്പ്.
വായനയിൽ തളിർത്തു പോയേക്കാം
വേരുലഞ്ഞ
തരുച്ഛായയെല്ലാം
എന്ന മട്ടിലോരോരുത്തർ മൈക്കിൻ
മുന്നിലെത്തി മന്ത്രിച്ചൂ പതുക്കെ.
ചോര വാർന്നു മരിച്ചന്തിപെറ്റ
കൂരിരുട്ടു വായ് കീറിത്തുറക്കെ,
ജനലsർന്നു തൂങ്ങും കെട്ടിടത്തിൻ
നിരകൾ വാവലിൻ
പറ്റം കണക്കെ,
പേ പിടിച്ച വിഷക്കാറ്റിലാടി
ആർത്തിയോടെ
തുറിയ്ക്കുന്നു കണ്ണ്.
വരപടർന്ന വെളുത്ത
കാൻവാസിൽ
ദുരിത ചിത്രം
തെളിഞ്ഞു കിടക്കെ,
പടിയിറങ്ങും
തളർന്ന കാൽച്ചോട്ടിൽ
വ്യഥിതയാം മണ്ണ് നീറിക്കിടന്നു.


Related Articles