ഒന്നാം നിലയിലെ വസ്ത്രങ്ങൾ കണ്ടില്ല.
രണ്ടാം നിലയിലേക്കും മൂന്നാം നിലയിലേക്കും
നാലാം നിലയിലേക്കും അഞ്ചാം നിലയിലേയ്ക്കും
അവൾക്കൊപ്പം കയറിയപ്പോൾ
അവളുടെ പ്രേരകശബ്ദങ്ങൾ മാത്രം കേട്ടു.
ആറാം നിലയിലെ ബഡ്ഷീറ്റുകൾക്കും
പല രൂപത്തിലുള്ള ചവുട്ടികൾക്കും മുന്നിൽ
അവൾ കിതച്ചുനിന്നു.
ഏ.സി. കുളിരിലും അവളുടെ മൂക്കിൽ വിയർപ്പുകണം.
ആ നിമിഷം
ഒരു മൂളക്കത്തോടെ ആ വലിയ കെട്ടിടം
ഉയർന്നു പൊങ്ങി.
ശൂന്യതയിലൂടെ അത് നീങ്ങാൻ തുടങ്ങി
ഒരു ഉപഗ്രഹംപോലെ
ഭൂമിയെ ചുറ്റുകയാണ് അതിപ്പോൾ.
ഓരോ നിലയിലേയും വസ്ത്രങ്ങൾ
അവൾ ധൃതിയിൽ ഉടുക്കുകയും
മധുരമായ് എന്തൊക്കെയോ പറഞ്ഞുകൊണ്ട്
അഴിക്കുകയും വീണ്ടും ഉടുക്കുകയും ചെയ്യുന്നത്
ആശ്ചര്യത്തോടെ കണ്ടുനിന്നു.
ഒരു മഴവില്ല് അവിടമാകെ നിറഞ്ഞു.
സ്വർഗ്ഗാതിർത്തിയിൽ എത്തിയപ്പോഴേയ്ക്കും
അ വലിയ ടെക്സ്റ്റൈയിൽ ഷോപ്പിലെ
എല്ലാ വസ്ത്രങ്ങളും അവൾ ഉടുത്തു മാറിയിരുന്നു!
അനന്തരം
ഞാൻ വാങ്ങിയ കൈലിമുണ്ടിൻ പൊതിയുമായി
ഭൂമിയിലേക്ക് ഇറങ്ങി;
ഒറ്റക്ക്.
This poem delves into the surreal and fragile terrain of hallucination, where reality blurs and the mind paints vivid, shifting visions. It captures the confusion, wonder, and dread of perceiving things that may not exist—shadows that whisper, colours that breathe, memories that turn into spectres. Through fragmented imagery and fluid language, the poem mirrors the disjointed yet strangely beautiful experience of a hallucinatory state, exploring how it distorts perception, bends time, and reveals hidden corners of the psyche.
