വളരെ മുമ്പേ മരിച്ച ബന്ധു
വീട്ടുജോലികൾ ചെയ്യുന്നത്
സ്വപ്നം കണ്ടുണർന്ന പകൽ,
എന്റെ കസിൻ
പുതിയ മൂന്നു കവികളുടെ
പുസ്തകങ്ങളുമായി
വീട്ടിൽ വന്നു.
അവൾ വാതിലിൽ മൂന്നു പ്രാവശ്യം
മുട്ടി എന്ന് പറഞ്ഞു.
മൂന്ന് മിനിറ്റെങ്കിലും
അങ്ങനെ നിന്നു എന്ന് പറഞ്ഞു.
ഞാൻ പക്ഷെ ഉറങ്ങുകയായിരുന്നു:
മരിച്ചുപോയ ബന്ധു
ഒരു മഞ്ചട്ടിയിലേക്ക്
അഞ്ചോ ആറോ അതോ അ
തിലധികമോ മീനുകളെ
മറ്റൊരു മഞ്ചട്ടിയിൽനിന്നും
എടുത്തിടുന്നതു കണ്ടുകൊണ്ട്.
മഞ്ചട്ടികളിൽ വെള്ളം
കടൽപോലെയിളകുന്ന ഒച്ച
കേട്ടുകൊണ്ട്.
'ഞാൻ ഉറങ്ങുകയായിരുന്നു',
ഞാൻ കസിനോട് പറഞ്ഞു.
വാതിൽ തുറക്കാനായി അവൾ
കാത്തുനിന്നിരുന്നത് ഞാൻ
സങ്കൽപ്പിച്ചു.
കവികൾക്ക് പരിശീലിക്കുന്ന
ക്ഷമയോടെ.
അല്ലെങ്കിൽ കവികളുടെ മാത്രം
ഓർമ്മപോലെ.
എന്റെ കസിൻ,
പുതിയ മൂന്ന് കവികളുടെ
പുസ്തകങ്ങൾ
കട്ടിലിൽ വെച്ചു.
രണ്ടു പുരുഷന്മാരും
ഒരു സ്ത്രീയും എന്ന്
കവികളെ പരിചയപ്പെടുത്തി.
മൂന്ന് പുരുഷന്മാരും രണ്ടു സ്ത്രീകളും എന്ന്
മുറിയിലെ അംഗങ്ങളെ അപ്പോൾ
ഉറക്കച്ചടവോടെ ഞാനെണ്ണി.
എന്റെ കസിൻ ചിരിച്ചു.
പുരുഷന്മാരായ കവികൾ രണ്ടുപേരും
ഒരേപോലെയിരുന്നു.
പുഴകളുള്ള നാട്ടിലാവും അവർ
ജനിച്ചിരിക്കുക എന്ന് വിചാരിച്ചു.
മൂന്നാമത്തെ കവി,
അവളുടെ സ്‌നേഹിതയാണെന്ന്
എന്റെ കസിൻ പറഞ്ഞു:
അവൾ എഴുതിയ കവിതകളൊക്കെ
ഞാൻ വായിച്ചിട്ടുണ്ട്.
ഞാൻ എന്റെ കസിനെ നോക്കി.
ചത്തുപോയ മീനുകൾ ഓരോന്നായി എടുത്ത്
മരിച്ചവർക്ക് മാത്രമുള്ള ശ്രദ്ധയോടെ
മുമ്പേ മരിച്ച ബന്ധു കഴുകുന്നത്
കണ്ടപോലെ തോന്നി.
മുടങ്ങിയ വീട്ടുജോലികൾ പലതും ഓർമ്മ വന്നു.
ഞാൻ എന്റെ കസിനെത്തന്നെ നോക്കി.
മരിച്ച ബന്ധുവിന്റെ പേര്,
അവളുടെ മുഖം,
അവളുടെ ഒച്ച, എല്ലാം
ഓർമ്മ വന്നു.
അന്തിവെളിച്ചത്തിൽ വളരെ വേഗം മായുന്ന
രാജ്യാതിർത്തികൾ പോലെ
ഉറക്കവും കഴിഞ്ഞ് തുടരുന്ന സ്വപ്നമോർത്തു.
ഭയപ്പെട്ടു.
എന്റെ കസിൻ എന്നെ
ഇറുകെ പുണർന്നു
അവൾ എന്തോ പറഞ്ഞു,
ഒരുപക്ഷെ അവളുടെ സുഹൃത്തിന്റെ
കവിതയിലെ ഒരു വരി.
ഒരുപക്ഷെ കവികളെപ്പറ്റി.
ഒരുപക്ഷെ പുസ്തകങ്ങളെപ്പറ്റി.
ഒരുപക്ഷെ അവളെപ്പറ്റി.
ഒരുപക്ഷെ എന്നെപ്പറ്റി.
എന്റെ കസിൻ
എന്തോ പറഞ്ഞു.
ഞങ്ങളുടെ കാലുകൾക്കടിയിൽ
കടലും മീനുകളും ഒഴുകുന്ന
വാ പൂട്ടിയ മറ്റൊരു പകൽ
ഇപ്പോൾ പൊന്തി വരുമെന്നും
നിഷിദ്ധമായ രതി പകർത്തുന്ന
മറ്റൊരു പകൽ,
ഒരു കണ്ണാടിപോലെ
അതിനുംമുമ്പേ
പൊന്തി വന്നിരിക്കുമെന്നും
ഞാൻ വിചാരിച്ചു.
എന്റെ കസിൻ കണ്ണുകളടച്ചിരുന്നു
എന്റെ കസിൻ ചുണ്ടുകൾ തുറന്നിരുന്നു
അവളുടെ കഴുത്തിലെ മുത്തുമാലയിൽ
വെളിച്ചം മുറിയുന്നുണ്ടായിരുന്നു
മുറിയിലെ കവികൾ, രണ്ടാണും ഒരു പെണ്ണും
പുറത്തേക്കിറങ്ങി പോയിരുന്നു.
അപ്പോഴും,
വളരെ മുമ്പേ മരിച്ച ബന്ധു
വീട്ടുജോലികൾ ചെയ്യുന്നത്
ഞാൻ വീണ്ടും കണ്ടു.
ഒരു പാത്രമോ ഒരു സ്പൂണോ ഒരു ഗ്ലാസോ
മീനുകൾ തന്നെയോ നിലത്തേക്ക് വീണൂ എന്ന് തോന്നി
ആ സമയം അവൾ, എന്റെ കസിൻ
എന്റെ വായിൽ അവളുടെ വായ വെച്ചു.
ലോകം അടഞ്ഞു, ഞാൻ തനിച്ചായി.
വളരെ വളരെ തനിച്ചായി.
Karunakaran's poem is a dreamlike meditation on memory, death, and intimacy. The narrator witnesses a long-dead relative performing mundane household chores, blending the surreal with the everyday. A visiting cousin brings books by three poets, bridging the present with memory and artistic creation. Fish, water, and domestic details become symbols of care, ritual, and the passage of time, while human closeness evokes both connection and profound solitude. Throughout, the poem blurs the boundaries of life and death, sleep and wakefulness, creating a flowing, haunting reflection on presence, absence, and the lingering power of memory.
