ജനുവരി തണുപ്പിൽ കുളിക്കുമ്പോൾ
ഇതൊരു ഉണക്കിനെന്ന്
നിങ്ങൾ പറയാതിരിക്കൂ;
ഒരു ബാലതൃണം കിളിർ-
ന്നെത്തി നോക്കുമ്പോൾ
ഉടയ്ക്കല്ലേ അതിൻ മുളകൾ.
ഈ മകരക്കുളിർശീല
കാറ്റിലാടുമ്പോൾ
പുലരിയും സന്ധ്യയും
നമിതമാകുമ്പോൾ
കടുംവേനൽക്കഥയിളക്കി
ഓരോ വട്ടവും വിലാപം നിങ്ങൾ
അഴിച്ചുവിടുന്നു.
ഇത്തിരി ശീതളത മൊത്തി
അതിൽ ആഴ്ന്നു നോക്കൂ
ഓരോ അണുവും
തുടിയിലാകുന്നതറിയൂ;
ഈ ഉഷ്ണദേശം തണിവറിയാൻ
ജനുവരികൾ തുണ.
ശ്വാസത്തിലൊന്ന് അമർന്നുനോക്കുക
പ്രാണവായു അറകളിൽ
കടക്കുന്നതും
അവശിഷ്ടമായത്
പുറംലോകഗമനം നടത്തുന്നതും
ഈ കുളിരോടൊത്തല്ലോ
ഏറ്റം വെളിവാകുന്നു.
ഇതൊരു ഋതുസംക്രമം.
മാറ്റങ്ങൾ, ഏറ്റങ്ങൾ,
ഭൂമിയുടെ നെയ്ത്തുകളിൽ എത്തിവന്നു.
വിരണ്ടുകൊണ്ട് ഓടരുതേ
വിലാപമതിലിൽ തടഞ്ഞ് ഉടയല്ലേ
മുന്നിലെ മാത്രയെ ഉള്ളിലാക്കൂ.
നാം, ഒരു നീലസാഗരം
സുനാമിത്തിരയിളക്കത്തിൻ
ഉറവെന്നു പരിവദിച്ച്
അറയ്ക്കുവോർ...
തണുപ്പിനെ തണുപ്പെന്ന് തൊട്ടെടുക്കൂ
വേനൽ മൂർച്ഛിക്കാനെന്ന്
കാലം കടുപ്പത്തിലേക്കു വഴുതാനെന്ന്
മുൻവിധി അണിയാതിരിക്കൂ.
പുറമേ അണിയുന്നത്
അന്തരാ കുടിയേറുന്നു
കടിഞ്ഞാൺ പിടിക്കുന്നത്
പിന്നെ അവയാണ്...
Discover Jeny Andrews' evocative winter poem that beautifully captures the arrival of the winter season and its deep effect on human emotions and feelings. Through vivid imagery and heartfelt reflection, this seasonal poem explores the quiet solitude, introspection, and emotional shifts brought on by the cold, crisp days of winter. This poem offers a touching portrayal of how winter shapes the human spirit.
