ഉയരത്തിനടിത്തട്ടിൽ

Poem

ഉയരത്തിനടിത്തട്ടിൽ



ചീറിയോടും യന്ത്രവേഗ-
പ്പാതയോരത്തു സംഭ്രമാൽ
അക്കരയ്ക്കു കടക്കാനായ്
ബുദ്ധിമുട്ടുന്ന വൃദ്ധപോൽ?!

നഗരത്തീ ദംശനത്താൽ
പേപ്പനിച്ചു വിറച്ചിതാ
വേരറ്റാകെ ദ്രവിക്കുന്നൂ,
ഗ്രാമവൃക്ഷപ്പൊടിപ്പുകൾ!

നികന്ന പാടം വാനത്തെ
മറയ്ക്കും കെട്ടിടങ്ങളായ്
മലിനാമ്ലങ്ങൾ മൂടുന്നു,
വാനവും ജലമൊക്കെയും

അഭയം നൽകുവാൻ വീതി-
യേറ്റുമീ വീഥിതോറുമേ
അധികാരക്കൈയ്കളാലെ
യോരത്തായേഴജന്മവും!

പണത്തിൻ പത്തിനീർത്തുന്ന
കമ്പോളാവേഗതൃഷ്ണകൾ
ആളുന്നൂ പട്ടണംതോറും
ആതുരാലയ മുദ്രയിൽ!

സ്വാർത്ഥസൂചിയിറക്കുന്നൂ
വലിച്ചൂറ്റുന്നു രക്തവും
നിലനില്പിന്റെയാധാര-
ശിലയും സർവ്വസത്തയും

തിരക്കോളിൽ മുങ്ങി നീരുവാൻ
ഗതിയില്ലാത്തോരേഴകൾ
കഴിവറ്റു കുഴഞ്ഞല്ലോ
തുഴയറ്റവർ നിസ്വരായ്!

ഭീതിയേറ്റുന്നൊരാത്മീയ-
സാന്ത്വനസ്പർശമുദ്രയാൽ
കാളസർപ്പം കണക്കെത്തി
വിഷം ചീറ്റുന്നു ചുറ്റിലും

കലികാലസ്വരൂപമായ്
മുന്നിലായുയരുന്നിതാ
സർവ്വസാമ്രാജ്യമാളുന്നൊ-
രാഗോളവിപണിക്കടൽ

അമർന്നൊടുങ്ങും പുല്ലിന്റെ
കരച്ചിൽ കേട്ടതില്ലയോ
ഉയരത്തിനടിത്തട്ടിൽ
ഉയിരിന്നായൊരർത്ഥന

Divakaran Vishnumangalam weaves this poem through the threads of modern culture and its aftermaths. He portrays the picture of an old lady struggling to cross the road because of the heavy traffic. This lady metaphorically stands for the mother earth struggling for survival and existence.


Related Articles