പൈൻനാളം

Poem

പൈൻനാളം



തിരികൾ
എരിഞ്ഞു പോകുന്നവയെ ഓർമ്മിപ്പിക്കുന്നു,
അഗ്രത്തിൽ ഒരു പൊരിയേറ്റുവാങ്ങി
പൊലിഞ്ഞു പോകുന്നവയെ.

ചില തിരികൾ
പരിമളത്തിലഭിഷിക്തർ.
പൂവിന്റെയോ തൈലത്തിന്റെയോ
ഗന്ധമേറ്റെടുത്ത് കതിർ ചൂടുന്നു.
വെളിച്ചം തീർന്നാലും
തീരുന്നില്ല ഗന്ധസഞ്ചരണം.
ഉൾച്ചൂടിനാലവയെ വീണ്ടും
കൊളുത്താനുമെളുപ്പം.

പൈൻമണ തീക്ഷ്ണതയി-
ലൊരുതിരിയൊരുനാൾ വന്നെത്തി.
പൈനുകൾ പൂത്തു മലർന്നാലെന്ന പോലെ
ഒരു വനം എനിക്കു ചുറ്റും.
സൂചിമുനയിലകളുടെ ചന്തം
കൂർത്തു കൂർത്തുള്ള
ആകാശഗമനം.

മെഴുകുതിരീ, നിന്നിലെങ്ങനെ
വന്യമാം ഗാഢഗന്ധമമർന്നേ നിന്നു?
നീ ഏതു ഹേതുവായ്
നശ്വരത്തിലനശ്വരത്തെ പടർത്തി ?
ഒറ്റ നൂൽത്തിരി നടുവിൽ നിർത്തി
ദൂരങ്ങളെ നീ ആവാഹിക്കുന്നു,
ദൂരങ്ങളെ നീ പുൽകുന്നു.

ചില്ലു കുപ്പിയിലെയടക്കത്തിൽ
അടങ്ങാതെ നിൽക്കുന്നു
നീയൊരു കാടായ് പൂക്കുന്നു
വാനിലേയ്ക്കുന്നമിട്ടു തഴയ്ക്കുന്നു.
വേരുകളാഴ്ന്നാഴ്ന്ന്
മണ്ണിൻ നിഗൂഢത തേടുന്നുവോ?

വായുവിനെയാകെ നീ ഉഴിയുന്നു.
വെളിച്ചമോ സുഗന്ധമോ,
ഏത് ഏതിനു ഭൂഷണമെ-
ന്നമ്പരപ്പിച്ച് തിരിനില.

സുഗന്ധമേ നീയെന്നെ
എടുത്തുയർത്തുന്നു,
അപാരതടങ്ങളുടെ
ഓരത്ത് കൊണ്ടു പോകുന്നു.

Jeny Andrews' poem explores the fleeting nature of existence, using the metaphor of candle and withering flower to reflect on transience, memory, and the enduring power of scent and presence.


Related Articles