പെട്ടികള്‍

Poem

പെട്ടികള്‍


ഒഴിവുദിനങ്ങളിൽ
അവയുടെ ഉടലുകൾ
സൂര്യനൊത്ത് തിളങ്ങി
വില പിടിച്ചവകളും
നല്ല ഉടുപ്പുകളും
ട്രോളിപ്പെട്ടിയിൽ.
പഴയ ഡയറികളും
കല്ലുവെച്ച മാലകളും
കമ്മലുകളും നിറച്ച
ചെറിയ പെട്ടിയും
തുടച്ചു
മിനുക്കിക്കൊണ്ടിരുന്നു.

ഓരോന്ന്
വേർതിരിക്കുന്നതിനിടെ
താളുകളിൽ
പ്രിയചിത്രങ്ങൾ,
റോസിതളുകൾ
ചെമ്പരത്തിപ്പൂവ്
വചനങ്ങൾ,
ഗസലുകൾ,
ബുദ്ധദർശനങ്ങൾ

രാത്രിയാകുമ്പോൾ
തെറി വിളിക്കുന്ന
കറി വലിച്ചെറിയുന്ന
വാതിൽ വലിച്ചടയ്ക്കുന്ന
രാത്രി പകലാക്കുന്ന,
ലാവണ്യമാനങ്ങൾ
മറന്നു പോകുന്ന
ഒരാളുടെ കൈകൾ
അടുത്ത ദിവസം
പേന എടുത്ത്
പതുപതുത്തതാകാറുണ്ട്,
ഏലയ്ക്ക മണക്കുന്ന
ചുണ്ടുകൾ നിറുകയിൽ
പതിയാറുണ്ട്.


Related Articles