പേരില്ലാത്തോർ

Poem

പേരില്ലാത്തോർ


ഇന്ന് കോളേജ് ഗേറ്റിൽ സെക്യൂരിറ്റി മാറിയിരുന്നു. രണ്ടു വർഷമായി എല്ലാ രാവിലെയും അവിടെ കാണാറുള്ളയാൾ ഇന്നില്ല. പകരം പുതിയൊരാൾ. പുതിയ ആളോട് ഞാൻ പഴയ സെക്യൂരിറ്റിയെക്കുറിച്ച് അന്വേഷിച്ചു. "ആര്? അഹ്മദോ?" അയാൾ ചോദിച്ചു. അഹ്മദ്? അതായിരുന്നോ അയാളുടെ പേര്? ഞാൻ അയാളുടെ മുഖം ഓർക്കാൻ ശ്രമിച്ചു. കാക്കി ഷർട്ടും പാന്റുമിട്ട, പൊക്കം കുറഞ്ഞ ഒരു രൂപം മനസ്സിൽ തെളിഞ്ഞു. പക്ഷേ എത്ര ശ്രമിച്ചിട്ടും അയാളുടെ മുഖം മാത്രം മനസ്സിൽ തെളിഞ്ഞില്ല. ഒരു അശരീരിയെപ്പോലെ, "മോളേ" എന്ന വിളി മാത്രം കേട്ടു. എല്ലാ രാവിലെയും കേട്ടിരുന്ന ഒരു പതിവ് വിളി. രണ്ടു വർഷത്തോളം എല്ലാ ദിവസവും കണ്ടിരുന്ന ആ കാക്കി കുപ്പായത്തിന്റെ പേരെന്താണെന്ന് ഓർക്കാൻ എത്ര ശ്രമിച്ചിട്ടും എനിക്കായില്ല. മറുപടി പറയാതെ ഞാൻ നടക്കാൻ തുടങ്ങി. മുഖമില്ലാത്ത അനേകം കുപ്പായക്കാർ എന്റെ മനസ്സിൽ നിറഞ്ഞു. അവരെല്ലാം എന്നോടവരുടെ പേര് ചോദിച്ചു. പേരെടുത്ത് വിളിക്കാൻ ആരുടെയും പേരെനിക്കറിയില്ലായിരുന്നു. പേരുവിളി പരീക്ഷയിൽ ഞാൻ നിർദയം തോറ്റു. പുതിയ സെക്യൂരിറ്റിയോട് പേര് ചോദിച്ചു. അയാൾ ചിരിക്കുക മാത്രം ചെയ്തു.

Summary: Perillathor, poem by Asha Cundatt


Related Articles