പട്ടി സുഖമായിരിക്കുന്നു

Poem

പട്ടി സുഖമായിരിക്കുന്നു


തൊട്ടരികെ തന്നെയുണ്ടവളെങ്കിലും
കാണാനാകില്ല ഒന്ന് പുൽകാനും
ഇന്നലെ വരെ നാടായ ചുമരൊക്ക
ചിരിച്ചു ചെമ്പകമായ് നിന്നവൾ
തൊഴിലിടത്തിലും വീടകത്തിലും
കര കവിഞ്ഞു തുളുമ്പിയവൾ
തൊട്ടാൽ പൊള്ളുന്ന കവിതയും
സൂര്യമുഖം കോട്ടിക്കും പ്രസരിപ്പും
കാക്കയെ വെല്ലും സാന്നിദ്ധ്യവും
തിരയേ കവയ്ക്കുന്ന വാശിയും
കാറ്റിനെ വെല്ലും പകർന്നാട്ടവുമായി
സർവ്വതിലും വ്യാപിയായിരുന്നവൾ.

ഇന്നലെ രാവിലവളെയൊരു പട്ടി കടിച്ചു
മുറിവായിൽ പരന്നത് ചോരയായിരുന്നില്ല
പറ്റി നടന്നവരുടെ ചെലമായിരുന്നു
കപട വായകളുടെ ദുർഗന്ധമായിരുന്നു
ഇരുട്ടിയുണരവേ അവളുടെ മുഖമില്ല
പേരില്ല നാടില്ല കൂടില്ല വീടില്ല ഇനി
അവളാണ് പോലും അതിജീവിത
വേവലാതിയേ വേണ്ട മഹാ മൗനങ്ങളേ
പട്ടിയിപ്പോഴും ഏറ്റം സുഖമായിരിക്കുന്നു

Malayalam poem patti written by Hashim Bappan


Related Articles