കാടിന്റെ ഒരു ഭാഗത്ത് പരുന്തുകളും മറ്റൊരു ഭാഗത്ത് കഴുകന്മാരും പാർത്തിരുന്നു. പൂർവികർ പകർന്നുകൊടുത്ത പഴങ്കഥകളുടെ പേരിൽ പരുന്തുകളും കഴുകന്മാരും പരസ്പരം വെറുത്തുപോന്നു. കഴുകന്മാർ വിശ്വസിക്കുന്ന നക്ഷത്രങ്ങളുടെ എണ്ണം തെറ്റാണെന്ന് പരുന്തുകൾ വിശ്വസിച്ചു. പരുന്തുകൾ വിശ്വസിക്കുന്ന മണൽത്തരികളുടെ എണ്ണം തെറ്റാണെന്ന് കഴുകന്മാരും ഉറച്ചു വിശ്വസിച്ചു. അങ്ങനെയിരിക്കെ, ഒരിക്കൽ, മഴയും വെയിലും കലർന്നുകലങ്ങിയ ഒരു ദിവസം ഒരു കഴുകൻകുഞ്ഞും ഒരു പരുന്തിൻകുഞ്ഞും ഒരു കരിനീലമേഘത്തിന്റെയുള്ളിൽ കണ്ടുമുട്ടി. ആദ്യം അവർ വെറുപ്പോടെ പരസ്പരം നോക്കി. കൊക്കുകളും കൂർത്ത കാൽനഖങ്ങളും കാട്ടി പരസ്പരം ഭയപ്പെടുത്താൻ നോക്കി. ഒരേ അകലം നിലനിർത്തിക്കൊണ്ട് മേഘങ്ങൾക്കിടയിലൂടെ അവർ പറന്നു. പതുക്കെപ്പതുക്കെ അതൊരു മത്സരമായി മാറി. പരുന്ത് മേഘങ്ങളുടെ നിഴലിനടിയിലൂടെ പറന്നുകാണിച്ചു. കഴുകനാകട്ടെ മേഘത്തിന്റെ മുകളിലൂടെ പറന്നു. പറഞ്ഞുകേട്ട കഥകളിലെ പോലെ അത്ര മോശക്കാരല്ല തങ്ങളെന്ന് അവർക്ക് തോന്നിത്തുടങ്ങി. അവർ അറിയാതെ സൗഹൃദത്തിലായി. പക്ഷേ, സൗഹൃദത്തിന്റെ ആദ്യ നിമിഷത്തിൽ തന്നെ താഴെനിന്നും പാഞ്ഞുവന്ന ഒരമ്പ് പരുന്തിൻകുഞ്ഞിന്റെ നെഞ്ചിൻകൂട് തുളച്ചു. കഴുകൻകുഞ്ഞ് ഭയന്നുവിറച്ചു. എന്നാലും അവൻ പരുന്തിനെ പുറത്തിരുത്തി, താഴെ വീഴാതെ, കൃത്യമായി ഒരു പാറക്കെട്ടിലേയ്ക്ക് പറന്നിറങ്ങി. പരുന്തിന്റെ മേൽ തറച്ച അമ്പ് കഴുകൻ കൊക്കുകൊണ്ടു വലിച്ചൂരി. തന്റെ ഹൃദയമിടിപ്പ് നിലക്കാൻ പോകുന്നത് പരുന്ത് തിരിച്ചറിഞ്ഞു. പരുന്ത് കഴുകനോട് പറഞ്ഞു. "എനിക്ക് എന്റെ ഉറ്റവരെ അവസാനമായി കാണാൻ തോന്നുന്നു. എനിക്കറിയാം, അതിനുള്ള സമയം എനിക്കില്ല". കഴുകൻ തലയുയർത്തി ആകാശത്തേക്ക് നോക്കി. എന്നിട്ട് പരുന്തിനെ തോളിൽ ഇരുത്തി അവന്റെ വാസസ്ഥലത്തേക്ക് പറന്നു. ആദ്യമായാണ് ഒരു കഴുകൻ പരുന്തുകൾ പാർക്കുന്നിടത്തേക്ക് വരുന്നത്. താഴ്ന്നുപറന്ന കഴുകൻകുഞ്ഞ് പരുന്തിൻകുഞ്ഞിനെ അവന്റെ ഉറ്റവർക്ക് മുന്നിൽ വച്ചു. ചോരയിൽ കുളിച്ച പരുന്തിനെ കണ്ട മറ്റു പരുന്തുകൾ കഴുകനു നേരെ പാഞ്ഞടുത്തു. അവരോട് സത്യം പറയാനുള്ള സമയം പരുന്തിൻകുഞ്ഞിന് കിട്ടിയില്ല. അവന്റെ കണ്ണുകൾ അടഞ്ഞു. പരുന്തുകളുടെ കൂട്ടം ഒരു ചുഴി പോലെ ആകാശത്തേക്ക് പറന്നുയർന്നു. എന്നിട്ട് താഴേയ്ക്ക് കുതിച്ച് കഴുകൻകുഞ്ഞിനെ കൊത്തിത്തിന്നു. ചത്ത പരുന്തിന്റെ സത്യവും ചത്തുകൊണ്ടിരുന്ന കഴുകന്റെ സത്യവും ആരും കേട്ടില്ല. മറ്റൊരു തലമുറയ്ക്ക് കേട്ടുരസിക്കാനും രസിച്ചുവെറുക്കാനുമുള്ള പുതിയൊരു പഴങ്കഥ മാത്രം ബാക്കിയായി.
Summary: Parunthukalum Kazhukanmaarum, poem by Harikrishnan M R
