എല്ലാം കഴിഞ്ഞും നമ്മൾ
ബാക്കിയാവുമെന്നൊരു വചനം
നെഞ്ചു തുളച്ച് പുറത്തേക്ക്
അത് ഒരു പർവ്വതം.
എന്നും കാണുന്ന സൂര്യന്
ഇപ്പോൾ
അതിനുമേലാണ് ഉദയം
അതിൻ്റെ പടിഞ്ഞാട്ടേക്ക്
ചർമ്മത്തിൽത്തൊട്ട്
രോമകൂപങ്ങളിലിറങ്ങി
തളർന്ന ശരീരത്തെ
ചിതയെക്കാളും ജ്വലിപ്പിച്ച്
സൂര്യൻ പോകുന്നു.
അതിനെപ്പിൻതുടർന്ന്
ചൂണ്ടുവിരൽ നീണ്ട്
ഇരുട്ടിനെത്തൊടുന്നു
മേഘങ്ങളെത്തൊടുന്നു,
നക്ഷത്രങ്ങളെയും ചന്ദ്രനേയും.
അനന്തതയുടെ അറ്റത്തോളം ചെന്ന്
അവിടെ എഴുതുന്നു:
ഇതു ഞാനാണ്
ദിഗംബര പ്രപഞ്ചം
എൻ്റെ നഖത്തുമ്പത്ത്.
ഞാനതിൻ്റെ ജ്വലനം
ഉള്ളിലേക്കെടുക്കുന്നു
പർവ്വതമിപ്പോൾ
പരന്നഭൂമി
പുറത്തുപോയ വചനം
എന്നോടൊപ്പം.
ഇതു ഞാനാണ്
എന്നു പറഞ്ഞ്
അനന്തതയിൽച്ചെന്ന്
അറ്റത്തോളം നീണ്ട
ചൂണ്ടു വിരലിൻ്റെ ഉടമ
ഉരിയാടാത്ത മണ്ണിൽ
എന്നും എപ്പൊഴും ബാക്കി.
