അയാളുടെ പകലുകൾക്ക്
പല നിറങ്ങളായിരുന്നു.
എല്ലാ ഋതുക്കളിലും പൂവിടുന്ന
ഒരുകൂട്ടം മുൾച്ചെടികളുണ്ടായിരുന്നു
ചങ്ങലക്കിലുക്കം കേൾക്കുന്ന
അയാളുടെ കിടപ്പറജനാലക്കരികിൽ.
ചുറ്റും പൂക്കളുടെ മണം പരക്കുന്ന വേളയിൽ
തലേന്ന് ഉറക്കത്തിൽ കണ്ടതെല്ലാം
അയാൾ കടലാസിലേക്ക് പകർത്തും—
മഹാസമുദ്രങ്ങൾ നീന്തിക്കടക്കുന്നത്,
ഇല കൊഴിഞ്ഞ മരങ്ങൾക്കിടയിലൂടെ
ഒരു പടക്കുതിരയെപ്പോലെ ചീറിപ്പായുന്നത്,
ഇരുവശങ്ങളിലും പൊടുന്നനെ നാമ്പിട്ട
രണ്ടു വലിയ ചിറകുകളുമായി
ആകാശങ്ങൾ കീഴടക്കുന്നത്...
കൂട്ടക്ഷരങ്ങൾമാത്രമുള്ള
ഒരു രഹസ്യലിപിയിലായിരുന്നു
അയാൾ സ്വപ്നങ്ങളെ പകർത്തിയിരുന്നത്.
കണ്ണാടിക്കുമുന്നിൽ
തലതിരിച്ചു പിടിച്ചുമാത്രം വായിക്കാൻ പറ്റുന്ന
ആ എഴുത്തുകളിലേക്ക് കണ്ണുകളോടിക്കുമ്പോൾ
ആകെയൊരു മൂടൽമാത്രം.
അമ്പേറ്റു പിടയുന്ന പക്ഷിയെപോലെ
നിലത്തേക്ക് തളർന്നുവീണ്
ആർക്കും മൊഴിമാറ്റാൻ പറ്റാത്ത
എന്തോ ഒന്ന് അയാൾ മന്ത്രിച്ചു.
