ഏഴാം മാസത്തിൽ ആകൃതി മാറിയ വയറിൽ നന്ദിത തൊട്ടുനോക്കി. കണ്ണുകാണാത്ത മുത്തശ്ശി മരണത്തിന് പിടികൊടുക്കാതെ മറ്റൊരു മുറിയിൽ കിടക്കുന്നുണ്ട്. ഒരിക്കൽ ആ വൃദ്ധ നന്ദിതയുടെ ചെവിയിൽ ഇങ്ങനെ പറഞ്ഞിരുന്നു: "പകൽനേരത്തെ നിഴലുകളെ സൂക്ഷിക്കണം". "അതെന്താ?" നന്ദിത ചോദിച്ചു. മുത്തശ്ശി ഒന്നും പറയാതെ അവളുടെ വയറിലേക്ക് ചൂണ്ടുക മാത്രം ചെയ്തു. അകത്തിരുന്നു മടുത്തപ്പോൾ നന്ദിത പുറത്തേക്കിറങ്ങി മുറ്റത്തൂടെ നടന്നു. എവിടെനിന്നോ ആരോ ശ്വാസം വലിക്കുന്ന ശബ്ദം കേട്ടു. ശബ്ദത്തെ പിന്തുടർന്ന് അവൾ പറമ്പിൽ ഒരു വാകമരത്തിന്റെ ചോട്ടിലെത്തി. ആ മരത്തിന് നിഴലില്ലായിരുന്നു. പെട്ടെന്ന്, മുകളിൽ നിന്നും ചെറിയ ഒരു പന്ത് പോലെ എന്തോ ഒന്ന് നന്ദിതയുടെ തോളിൽ വീണു. അവൾ ഞെട്ടി മുകളിലേക്ക് നോക്കി. ആയിരം തേളുകൾ ഒന്നിച്ചിറങ്ങുന്ന പോലെ മരത്തിന്റെ നിഴൽ അവൾക്ക് നേരെ നീണ്ടു. അവളുടെ കൈകാലുകൾ വില്ലുപോലെ വളഞ്ഞു. കണ്ണുകളിലെ വെളുത്ത ഭൂമിയിൽ ആയിരമായിരം ഉറുമ്പുകൾ ഇടത്തോട്ടും വലത്തോട്ടും നിരനിരയായി വേഗത്തിൽ ഇഴഞ്ഞു. വെളിച്ചം മുറിഞ്ഞു. നന്ദിത വയറിലേക്ക് നോക്കി. വയർ ഒഴിഞ്ഞുകിടക്കുന്നു.
Summary: Pakalnizhalukal, poem by Harikrishnan M R
