പണ്ടൊരു
വെളുത്ത പെറ്റിക്കോട്ടിട്ട
കറുത്ത പെൺകുട്ടി
പതിവായി തലേന്നത്തെ
പത്രം വാങ്ങാൻ വേലി കടന്ന്
അതിരിലെ കള്ളിച്ചെടി
പൊട്ടിച്ചൊടിച്ച്
കവിതകളൂതിപ്പറത്തി
മഴവിൽ കുമിളകൾ
കാറ്റിൽ പടർത്തി
കുതിരപോൽ
അയൽപ്പക്കത്തെ
വീട്ടിലേയ്ക്ക്
കുതിക്കാറുണ്ടായിരുന്നു
താളുകളൊന്നും ചുളിയാതെ
നനയാതെ വടിവൊത്ത
അക്ഷരങ്ങളൊടിയാതിരിക്കുവാൻ
പതിയെ നെഞ്ചോടടുക്കി
പത്രമെടുത്ത്
തിരികെ വീട്ടിലേയ്ക്കു നടക്കും
അന്നും വെളുത്ത പെറ്റിക്കോട്ടിട്ട്
പിന്നി മെടഞ്ഞ മുടിയിൽ
അരിമുല്ലക്കാട് നിറച്ചു പത്രമെടുക്കാൻ
അയൽ വീട്ടിലെത്തി
പരിചയമില്ലാത്തൊരു ചെരിപ്പ്
മുറ്റത്തവളെ നോക്കിച്ചിരിച്ചു.
ഏന്തിവലിഞ്ഞ് സ്വിച്ചിൽ
ചൂണ്ടു വിരലമർന്നപ്പോൾ
കാതിലൊരു പല്ലിച്ചിരി
കതകു തുറന്നവളെ
നോക്കിയപരിചിതൻ പറഞ്ഞു
"ദേ.. മുറ്റത്തൊരു കറുത്ത കുട്ടി "
വീട്ടുകാര് കൂട്ടത്തോടെ പൊട്ടിച്ചിരിച്ചു
നെഞ്ചിലൊരഞ്ചാറ്
കല്ലേറ് കൊണ്ട് പിടഞ്ഞ്
തിരിഞ്ഞ് നോക്കാതെ
വീട്ടിലേയ്ക്കോടി
