ഒറ്റ

Poem

ഒറ്റ


ഓരോ മനുഷ്യനും ഓരോ തുരുത്തുകളാണ്.
ചിലത് പുറമെ എല്ലാത്തിലും നിന്ന്
ഉൾവലിയുമ്പോൾ വേറെ ചിലത്
തങ്ങളിലേക്ക് മറ്റുള്ളവരെ അടുപ്പിക്കുന്നു..
ഞാനും ഒരു തുരുത്താണ്..
ചിലപ്പോൾ അവിടെ മഴ പെയ്യും.
മഴവെള്ളം കെട്ടിക്കിടന്ന് എനിക്ക് ശ്വാസം മുട്ടും.
ചുറ്റുമുള്ള കണ്ണീർക്കയത്തിലേക്ക്
കൈവഴികളുണ്ടാക്കി ഞാൻ അത് കടത്തി വിടും...
ചിലപ്പോൾ മഴ വരാൻ ദാഹിക്കും.
വരൾച്ചയുടെ ചൂടിൽ ഞാൻ വെന്തുരുകും.
ആകാശത്തിലൂടെ പോവുന്ന മഴപ്പക്ഷികൾ
ഒന്ന് എത്തി നോക്കിയിട്ട് സ്ഥലം വിടും..
ചുറ്റുമുള്ള തുരുത്തിലെ വരൾച്ചകൾ
എല്ലാം അപ്പോൾ എന്റേതാവും..
കണ്ണുനീര്‍ പോലും വറ്റുന്ന വരൾച്ച....

ചിലപ്പോൾ ഇടി വെട്ടി കാറും കോളും നിറയും..
അപ്പോൾ കാണാമറയത്തുള്ള ദൈവം
എന്നെ ഒറ്റക്കാക്കി ഓടിയൊളിക്കും.
ഞാൻ ദൈവത്തെ ചീത്ത വിളിക്കും,
മുളയെടുക്കുന്ന നാമ്പുകളോട്
ദൈവം പിന്നെ മതി എന്ന് പറയും...

ചിലപ്പോൾ ഞാൻ ആ തുരുത്തിൽ
നിന്ന് യാത്ര പോവും.
രാത്രികളിൽ....
എന്റെ ആഗ്രഹങ്ങളും ഭൂതകാലവും
ഭാവികാലവും സ്വപ്നങ്ങളാക്കി
ഞാൻ ജീവിക്കും...
അവ എന്നെ പിന്നെയും കരയിപ്പിക്കുകയും
ആഗ്രഹിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യും..
ആരോടെന്നില്ലാതെ ഞാൻ അവിടെ അലിയും...
ഇടക്ക് ദൈവത്തെ കാണും...
നിനക്ക് മടങ്ങാറായി, അവിടുന്ന് പറയും..
മനസില്ലാമനസോടെ ഞാൻ
പിന്നെയും ദൈവത്തെ
ചീത്തവിളിച്ചു കൊണ്ട് മടങ്ങും..


Related Articles