ഒസ്യത്ത്

Poem

ഒസ്യത്ത്


ചെടികൾക്ക് വെള്ളമൊഴിക്കാനും
ഇടക്കിടെ വിരുന്നെത്തുന്ന വരയൻപൂച്ചക്ക്
ഒരുരുള ചോറു കൊടുക്കാനുമാണ് അവൾ അവസാനം പറഞ്ഞത്

കിടപ്പിലാവുംമുമ്പ് ഒസ്യത്തെഴുതിയിരുന്നു:
ഒരുപിടി വിത്തുകൾ പറമ്പിന്
ഒരിത്തിരി പൂമണം കാറ്റിന്
രണ്ടു വറ്റ് ചോറ് കിളികൾക്ക്.
വാലുമുറിഞ്ഞ ചവറ്റിലക്കിളിക്ക്
വെള്ളം വെക്കാൻ രാത്രി കിടക്കാൻ നേരത്തും പറഞ്ഞതാണ്

നാളെ രാവിലെയിരുന്ന് വല്ലതും വായിക്കണേയെന്ന്
ഇന്നലെ സന്ധ്യക്കും കൂടി കുട്ടികളെ ഓർമ്മിപ്പിച്ചിരുന്നു.

ബോധം മറയുന്നേരം വയലറ്റ് അരിപ്പൂ
വിരിഞ്ഞോ വിരിഞ്ഞോയെന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു


Related Articles