ഒരു പഴയ മുറി

Poem

ഒരു പഴയ മുറി


രോ മുറിയും
ഓരോ മുറിഞ്ഞ വീട്
ഓരോ കോണിലും
മനുഷ്യരെയുമെടുത്തു നടക്കുന്ന
ദീർഘചതുരങ്ങൾ.

ശ്വാസംമുട്ടി മരിക്കേണ്ടെന്നോർത്ത്
ആരോ പണിത വാതിലുകൾ.
ഏതു താക്കോലിനും
കടക്കാനിടയുണ്ടാക്കി
പാതി തുറന്നവ.

ഒരു കൈ അകലത്തിൽ
നിറം മാറുന്ന ആകാശം.
നിർത്താതെ വട്ടം വരയ്ക്കുന്ന ഫാൻ.
പൊടിക്കാറ്റിനു തട്ടിയടയ്ക്കാൻ
മാത്രം വിരിച്ചിട്ട ജനാലകൾ.
മര്യാദകളിൽ കൊട്ടിയടയ്ക്കാത്ത സന്ദർശനങ്ങൾ.
തണുത്തുറഞ്ഞ ചായക്കോപ്പകൾ.

ദിവസങ്ങളഴിച്ചു തൂക്കിയ കുപ്പായങ്ങൾ.
വേദനകൾ
മരുന്നുകൾ
സ്നേഹക്കൊടുങ്കാറ്റുകൾ
അടക്കം ചെയ്ത അലമുറകൾ.


Related Articles