ഗ്ലാസ് ചുമരിലൂടെ താഴേക്കൊഴുകുന്ന
മഴവെള്ളം കണ്ടിരിക്കെ
കപ്പുച്ചിനോ പതുക്കെ
ചുക്കുകാപ്പിയാകുന്നു.
നുര പതുക്കെ താഴുന്നു
നിറം കറുക്കുന്നു.
നാവിൽ കറുത്തലുവയുടെ മധുരവും
ചുക്കുകാപ്പിയുടെ എരിവും.
അലുവായ്ക്കാന്റെ കടയിൽ
കാപ്പിക്കലം തിളക്കുന്നുണ്ട്.
മരബെഞ്ചിൽ ആരോ
എഴുന്നേറ്റുപോയ ചൂടിലേക്ക്
കയറിയിരിക്കുന്നു, മഴ.
എതിർവശത്ത്
ഖാലിദിക്കാന്റെ ബാർബർഷാപ്പ്
മൺകലത്തിനുള്ളിൽ
ചിറകടിക്കുന്നു, കുരുവികൾ.
അതിനപ്പുറം, കാനയുടെ വക്കിൽ
സൂഫിക്കാക്ക ദിക്കർ ചൊല്ലിയിരിപ്പാണ്.
അയാളുടെ തോളിൽ
വീണുകൊണ്ടേയിരിക്കുന്നു, മഴ.
എന്നിട്ടും അയാൾ
നനയുന്നില്ല.
കോഫി തണുക്കുന്നു,
പുറത്ത് മഴ കനക്കുന്നു.
ഗ്ലാസ് ചുമരിലൂടെ
താഴേക്കൊഴുകുന്ന വെള്ളം
കുറച്ചുകഴിഞ്ഞാൽ
സക്കറിയാ ബസാറിലെ
കാനയാകും.
*സക്കറിയാ ബസാർ: ആലപ്പുഴ നഗരത്തിലെ പുരാതനമായ ഒരു തെരുവ്.
Summary: Oru Mazha Zachariya Bazarine Orkkunna Vidham, poem by Safeed Ismail
